ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
ഗസ്സയിൽ ഹമാസിനും ഇസ്രായേലിനും ഇടയിൽ വെടിനിർത്തലിന് സാധ്യത തെളിഞ്ഞതായി ട്രംപ് പറഞ്ഞു

തെൽ അവിവ്: ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് സമർപ്പിച്ച നിർദേശത്തിൻമേൽ ഹമാസ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഗസ്സയിലേക്ക് ആവശ്യത്തിന് സഹായം ഉറപ്പാക്കിയില്ലെങ്കിൽ ഇസ്രായേലിനു മേൽ ഉപരോധം ചുമത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
ഗസ്സയിൽ ഹമാസിനും ഇസ്രായേലിനും ഇടയിൽ വെടിനിർത്തലിന് സാധ്യത തെളിഞ്ഞതായി ട്രംപ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസിൽ ട്രംപ് പ്രതികരിച്ചു. അതേസമയം വിവിധ ഫലസ്തീൻ വിഭാഗങ്ങളുമായി യുഎസ് നിർദേശം ചർച്ച ചെയ്തു വരികയാണെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ പുതിയ നിർദേശം നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ ഗസ്സയിൽ കൊലപാതകങ്ങളും പട്ടിണിയും തുടരാൻ മാത്രമേ സഹായിക്കൂ എന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നയീം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതടക്കം ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങളൊന്നും വെടിനിർത്തൽ നിർദേശത്തിലില്ലെന്ന് നയീം കുറ്റപ്പെടുത്തി. വെടിനിർത്തൽ നിർദേശത്തോടുള്ള ഹമാസിന്‍റെ പ്രതികരണം ഇന്ന് അറിയിക്കുമെന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.60 ദിവസത്തെ വെടിനിർത്തൽ വേളയിൽ 28 ഇസ്രായേൽ ബന്ദികളെ വിട്ടയക്കുകയും പകരം 1236 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനുമാണ് കരാറിന്‍റെ കരടിലുള്ളതെന്നാണ് വിവരം.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 58 പേർ കൂടി കൊല്ലപ്പെട്ടു. ഖാൻ യൂനുസിലാണ് കൂടുതൽ മരണം. ഹമാസ് ചെറുത്തുനിൽപ്പിൽ 4 ഇസ്രായേൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടിണി മൂലം വലയുന്ന ഗസ്സ നിവാസികൾക്കായി ഏർപ്പെടുത്തിയ താൽക്കാലിക ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രായേൽ അതിക്രമം ഇന്നലെയും തുടർന്നു.
Adjust Story Font
16

