അബ്ബാസ് അരാഗ്ചി, മുഹമ്മദ് ബാഖിർ ഖാലിബാഫ് എന്നിവരെ യുഎസ് ടാർഗറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്
ഇറാൻ നിലവിലെ സാഹചര്യം ഉൾക്കൊണ്ട് സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ മുമ്പില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മുന്നറിയിപ്പ് നൽകി

- Published:
26 March 2026 2:01 PM IST

തെഹ്‌റാൻ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് എന്നിവരെ യുഎസ് ടാർഗറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. പാകിസ്താന്റെ അഭ്യർഥന മാനിച്ചാണ് നടപടിയെ പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
'ഇസ്രായേലികളുടെ പക്കൽ അവരുടെ ലൊക്കേഷൻ വിവരങ്ങൾ ഉണ്ടായിരുന്നു, അവരെ വകവരുത്താൻ ഇസ്രായേൽ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അവരും ഇല്ലാതായാൽ പിന്നെ സംസാരിക്കാൻ മറ്റാരുമുണ്ടാകില്ലെന്ന് ഞങ്ങൾ അമേരിക്കയെ അറിയിച്ചു. ഇതിനെത്തുടർന്ന് പിന്മാറാൻ അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു''- പാക് ഉദ്യോഗസ്ഥർ പറഞ്ഞു.
പശ്ചിമേഷ്യയിൽ വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇറാനും അമേരിക്കയും കടുത്ത നിലപാട് തുടരുകയാണ്. ലോകത്തിലെ വ്യാപാര എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനുമേൽ നിയന്ത്രണം കടുപ്പിക്കാൻ ഇറാൻ തീരുമാനിച്ചപ്പോൾ മേഖലയിൽ യുഎസ് കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ആക്രമണം ശക്തമാക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഇറാൻ സമാധാന ചർച്ചകളിൽ താത്പര്യം കാണിക്കുന്നുണ്ടെന്നും എന്നാൽ സ്വന്തം നാട്ടുകാർ കൊലപ്പെടുത്തുമെന്ന് ഭയന്നാണ് അവർ അത് പുറത്തുപറയാത്തതെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. അവർക്ക് ഒരു കരാറിൽ എത്താൻ വലിയ താല്പര്യമുണ്ട്, പക്ഷേ തങ്ങളെയും അവരുടെ സ്വന്തം ആളുകളെയും അവർ ഭയപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാൻ നിലവിലെ സാഹചര്യം ഉൾക്കൊണ്ട് സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ മുമ്പില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഈ നീക്കങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പൂർണമായും തള്ളി. തങ്ങൾ ഇപ്പോൾ ചർച്ചക്ക് ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16
