ഗസ്സയിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; 4 പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ യുഎൻ ഏജൻസികളെ പുറന്തള്ളി ഭക്ഷ്യവിതരണം ഏറ്റെടുത്ത ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം നിർത്തി

ഗസ്സ: വെടിനിർത്തൽ ലംഘിച്ച് ഗസ്സക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം. 4 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ എണ്ണൂറിലേറെ പേരെ വെടിവെച്ചുകൊന്ന യുഎസ്-ഇസ്രായേൽ ഭക്ഷ്യവിതരണ ഫൗണ്ടേഷന്‍റെ പ്രവർത്തനം നിർത്തി. ഗസ്സ സിറ്റിയിലെ ശുജാഇയ, ബൈത് ലാഹിയ, റഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിലാണ് നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഒന്നര മാസത്തിനിടയിൽ 500ൽ ഏറെ തവണയാണ് ഇസ്രായേൽ സേന വെടിർത്തൽ ലംഘിച്ച് ഗസ്സയിൽ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്.
ഇതിനിടെ ഹമാസ് പ്രതിനിധി സംഘം കൈറോയിൽ ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ റഷാദുമായി കൂടിക്കാഴ്ച നടത്തി. തുടർച്ചയായ ഇസ്രായേൽ ആക്രമണം ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാവി തന്നെ അപകടത്തിലാക്കിയെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള മേഖലകളിൽ തുരങ്കങ്ങളിൽ കഴിയുന്ന ഹമാസ് പോരാളികളുടെ മോചനം, ഗസ്സയിലേക്കുള്ള റഫ അതിർത്തി തുറക്കൽ എന്നിവയും ചർച്ചയിൽ ഇടംപിടിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഗസ്സയിൽ യുഎൻ ഏജൻസികളെ പുറന്തള്ളി ഭക്ഷ്യവിതരണം ഏറ്റെടുത്ത ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം നിർത്തി. അമേരിക്കയും ഇസ്രായേലും സംയുക്തമായി കഴിഞ്ഞ വർഷം മെയിൽ രൂപവത്കരിച്ച വിവാദ ഫൗണ്ടേഷന്‍റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്ന 859 ഫലസ്തീനികളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ബൈറൂത്ത് ആക്രമണത്തിന് ഇസ്രായേലിന് മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി ലബനാനിലെ ഹിസ്ബുല്ല. ബൈറൂത്തിൽ ഇസ്രായേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്സം അലി ത്വബത്വബായി കൊല്ലപ്പെട്ടതോടെ ലബനാൻ-ഇസ്രായേൽ വെടിനിർത്തലിന്‍റെ ഭാവിയും അനിശ്ചിതത്വത്തിൽ. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. യുഎസ് മധ്യസ്ഥതയിൽ ഒരുവർഷം മുമ്പാണ് ഇസ്രായേലും ലബനാനും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്.
Adjust Story Font
16

