ഗസ്സ സിറ്റിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം രൂക്ഷം; നിരവധിപേര്‍ പലായനം ചെയ്യുന്നു
സുരക്ഷിതമായ ഒരിടം പോലും ഗസ്സയിൽ ബാക്കിയില്ലെന്നിരിക്കെയാണ് ഗസ്സ സിറ്റിയിൽ നിന്ന് ലക്ഷങ്ങളോട് മാറിപ്പോകാൻ സൈന്യം ആവശ്യപ്പെടുന്നത്.

ഗസ്സസിറ്റി: ഗസ്സ സിറ്റിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ ആയിരങ്ങൾ പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നതായാണ് റിപ്പോർട്ട്.
ഗസ്സ സിറ്റിയുടെ വടക്കുള്ള സഫ്താവിയിൽ നിന്ന് നൂറുകണക്കിന് ഫലസ്തീനികളെ സൈന്യം പുറന്തള്ളി. പ്രദേശത്തെ നിരവധി വസതികളും കെട്ടിടങ്ങളും ഇസ്രായേൽ ബോംബിട്ട് തകർത്തു. സുരക്ഷിതമായ ഒരിടം പോലും ഗസ്സയിൽ ബാക്കിയില്ലെന്നിരിക്കെയാണ് ഗസ്സ സിറ്റിയിൽ നിന്ന് ലക്ഷങ്ങളോട് മാറിപ്പോകാൻ സൈന്യം ആവശ്യപ്പെടുന്നത്. ഇന്നലെ മാത്രം 64 പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇവരിൽ 14 പേർ സഹായം തേടിയെത്തിയ ഫലസ്തീനികളാണ്.
പട്ടിണിമൂലം മൂന്നു പേർ കൂടി മരിച്ചു. ഇതോടെ 117 കുട്ടികളുൾപ്പടെ പട്ടിണിക്കൊലയിൽ മരിച്ചവരുടെ എണ്ണം 303 ആയി. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയത് സ്ഥിതിഗതികൾ കൂടുതൽ ദുരന്തപൂർണമാക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞു.
ഗസ്സയിലെ യുദ്ധകുറ്റങ്ങൾക്ക് ഇസ്രായേലിന് സഹായം നൽകുന്ന യു.എസ് സൈനികർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം അൽ നാസർ ആശുപത്രിയിൽ ബോംബിട്ട് 5 മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേരെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയെ ചോദ്യം ചെയ്ത് യൂറോപ്യൻ യൂനിയൻ രംഗത്തുവന്നു.
ആശുപത്രിയിൽ നിന്ന് സൈനിക നീക്കം നിരീക്ഷിക്കാൻ ഹമാസ് പോരാളികൾ സ്ഥാപിച്ച ക്യാമറ തകർക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരും മറ്റും കൊല്ലപ്പെട്ടതെന്ന ഇസ്രായേൽ വാദം അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി. അതേസമയം ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ തിരിച്ചെത്തിക്കാൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലിൽ വൻ പ്രതിഷേധം തുടരുകയാണ്. ടയറുകൾ കത്തിച്ച് പ്രധാന റോഡുകൾ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ലക്ഷങ്ങളാണ് തെൽ അവീവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സംബന്ധിച്ചത്.
Adjust Story Font
16

