അതിർത്തികൾ അടച്ച് ഗസ്സയിലേക്കുള്ള സഹായം തടഞ്ഞു; ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം
ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന് ഹമാസിന് നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്

Photo| Reuters
ഗസ്സ സിറ്റി: അതിർത്തികൾ അടച്ച് ഗസ്സയിലേക്കുള്ള സഹായം തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അതിർത്തികൾ അടക്കാന്‍ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് നിർദേശിച്ചത്. മന്ത്രിമാരും സുരക്ഷാമേധാവികളും തമ്മിൽ ചർച്ച നടത്തിയ നെതന്യാഹു, ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന് ഹമാസിന് മുന്നറിയിപ്പും നൽകി. ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായം വിലക്കുന്ന നടപടി ഉടൻ പിൻവലിക്കണമെന്ന്ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.
വെടിനിർത്തൽ തകരാതിരിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ നടത്തുന്ന ശ്രമം വിജയിക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഹമാസിന്‍റെ വെടിനിർത്തൽ ലംഘനത്തിന് ഉചിത മറുപടി ആകാമെന്നും എന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങരുതെന്നും അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയിലേക്കുളള സഹായം ഇന്ന് പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിനെ മാനിക്കുന്നതായി ഇന്നലെ നടത്തിയ വ്യാപക ആക്രമണത്തിന്ശേഷം ഇസ്രായേൽ ആർമിയും പ്രതികരിച്ചു. തുടർ ചർച്ചക്കായി ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം കൈറോയിൽ എത്തി.
വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗസ്സയിൽ ഇസ്രായേലിന്‍റെ വ്യാപക ആക്രമണത്തിൽ ഇന്നലെ 43 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്ന് ഒമ്പത് നാളുകൾപിന്നിടുമ്പോൾ ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ട ദിവസം കൂടിയാണിത്.
വടക്കൻ ഗസ്സയിലും റഫ അതിർത്തിയിലും ഉൾപ്പെടെ വിവിധ മേഖലകളിലായി ഇരുപതിലേറെ വ്യോമക്രമണങ്ങളാണ് നടന്നത്. മധ്യ ഗസ്സയിലെ അസ്‍വയ്ദയിൽ നടന്ന ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു.ജബലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലും നുസൈറത് അഭയാർത്ഥി ക്യാമ്പിലേക്ക് നടത്തിയ ആക്രമണത്തിൽ ആറും പേർ കൊല്ലപ്പെട്ടു.തെക്കൻ ഗസ്സയിലെ റഫക്കുനേരെയും വ്യോമാക്രമണം നടന്നു.
റഫയിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും ഒരു സൈനികന് ഗുരുതര പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. എന്നാൽ ഇതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കരാർ ലംഘിക്കാനും വംശഹത്യാ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുമാണ് ഇസ്രയേൽ നീക്കമെന്നും ഹമാസ് ആരോപിച്ചു. ഇസ്രായേൽ പിന്തുണയുള്ള കൂലിപ്പടയായ യാസർ അബു ഷബാബിന്റെ കീഴിലെ സായുധ സംഘത്തിനെതിരെയുള്ള ഹമാസ് നീക്കമാണ് ഇസ്രായേലിനെ റഫയിൽ വ്യോമാക്രമണത്തിന്പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
Adjust Story Font
16

