ഗസ്സയിൽ ഇസ്രായേൽ ഉപരോധം തുടരുന്നു; സഹായവിതരണത്തിന് ഇനിയും സംവിധാനമായില്ല
ഇസ്രായേലിൽ നെതന്യാഹുവിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്

ഗസ്സ സിറ്റി: കൂടുതൽ പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്ത ഗസ്സയിൽ സഹായവിതരണത്തിന് ഇനിയും സംവിധാനം ആയില്ല. ഗസ്സയിൽ വംശഹത്യയുടെ ക്രൂരഘട്ടം കൂടിയാണിതെന്ന് യുഎൻ അറിയിച്ചു. ആക്രമണം തുടർന്നാൽ ഇസ്രായേലിനു മേൽ സാമ്പത്തിക ഉപരോധത്തിന് മടിക്കില്ലെന്ന് കൂടുതൽ രാജ്യങ്ങൾ അറിയിച്ചു. ഇസ്രായേലിൽ നെതന്യാഹുവിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്.
മൂന്നു മാസത്തോളമായി തുടരുന്ന ഇസ്രായേൽ ഉപരോധം കാരണം മുന്നൂറിലേറെ പട്ടിണിമരണം റിപ്പോർട്ട് ചെയ്ത ഗസ്സയിലേക്ക് കൂടുതൽ സഹായ ട്രക്കുകൾക്ക് അനുമതി നൽകാൻ വിസമ്മതിച്ച് ഇസ്രായേൽ. 110 ട്രക്കുകൾ മാത്രമാണ് ഗസ്സയിൽ എത്തിയത്. എന്നാൽ ഭക്ഷ്യവിതരണത്തിന് ബദൽ സംവിധാനം ഒരുക്കുമെന്ന ഇസ്രായേൽ-അമേരിക്കൻ പ്രഖ്യാപനം വിജയം കണ്ടില്ല.
പട്ടിണി വ്യാപകമായ ഗസ്സയിൽ നിത്യം 600 ട്രക്ക് സഹായമെങ്കിലും ഉറപ്പാക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. വംശഹത്യയുടെ ക്രൂരഘട്ടത്തിലൂടെയാണ് ഗസ്സ കടന്നുപോകുന്നതെന്ന് യുഎന്നിലെ ഫലസ്തീൻ പ്രത്യേക ദൂതൻ ഫ്രാൻസിസ്കാ അൽബനീസ് പറഞ്ഞു. ആക്രമണവും ഉപരോധവും തുടർന്നാൽ ഇസ്രായേലിനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കാൻ നിർബന്ധിതരാകുമെന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ബ്രിട്ടൻ, ഫ്രാൻസ്, കനഡ രാജ്യങ്ങളാണ് ഇസ്രായേലിനു മേൽ ശക്തമായ രാഷ്ട്രീയ-നയതന്ത്ര സമ്മർദവുമായി രംഗത്തുള്ളത്.
ഇസ്രായേലിൽ നെതന്യാഹുവിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ബന്ദികളുടെ ബന്ധുക്കൾ തീരുമാനിച്ചു. ഹമാസുമായി കരാറിലെത്തി യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി. ഹമാസ് ബന്ദിയാക്കിയിരിക്കെ താൻ ഏറ്റവും ഭയപ്പെട്ടിരുന്നത് ഇസ്രായേലിന്‍റെ വ്യോമാക്രമണമായിരുന്നെന്ന് ഇസ്രായേൽ യുവതിയായ നാമ ലെവി പറഞ്ഞു.
സമാധാന കരാറിന്‍റെ രണ്ടാംഘട്ടത്തിൽ ഹമാസ് വിട്ടയച്ച നാലു വനിത ഇസ്രായേൽ സൈനികരിൽ ഒരാളാണ് 20കാരിയായ നാമ ലെവി. അതിനിടെ, നൊന്തുപെറ്റ ഒൻപത് കുഞ്ഞുങ്ങളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ അല അൽ നജ്ജാർ ഫലസ്തീന്‍റെ മാത്രമല്ല, ലോകത്തിന്‍റെയും നോവായി മാറി. ഖാൻ യൂനുസിലെ ഇവരുടെ വീട് ആക്രമിച്ചാണ് ഇസ്രായേലിന്‍റെ കൊടുംക്രൂരത. നടുക്കവും വേദനയും സൃഷ്ടിക്കുന്നതാണ് വാർത്തയെന്ന് വിവിധ രാജ്യങ്ങൾ പ്രതികരിച്ചു.
Adjust Story Font
16

