ഇസ്രായേൽ തട്ടിയെടുത്ത ഫ്രീഡം ഫ്ലോട്ടില കപ്പലിലുള്ളവരെ തടവുകേന്ദ്രത്തിലേക്ക് മാറ്റി; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍
അന്തർദേശീയ സമ്മർദം ശക്തമായിരിക്കെ സന്നദ്ധ പ്രവർത്തകരെ ഇന്നുതന്നെ തിരിച്ചയച്ചേക്കുമെന്നാണ് സൂചന

ദുബൈ: ഇസ്രായേൽ നാവികസേന തട്ടിയെടുത്ത ഫ്രീഡം ഫ്ളോട്ടില കപ്പൽ അഷ്ദോദ് തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക് ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക് മാറ്റി. അന്തർദേശീയ സമ്മർദം ശക്തമായിരിക്കെ സന്നദ്ധ പ്രവർത്തകരെ ഇന്നുതന്നെ തിരിച്ചയച്ചേക്കുമെന്നാണ് സൂചന.
ഗസ്സയിലേക്ക് സഹായവസ്തുക്കളുമായുള്ള യാത്രക്കിടെ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത മെഡ്‌ലീന്‍ കപ്പലും 12 സന്നദ്ധപ്രവർത്തകരും രാത്രിയാണ് ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തെത്തിയത്. മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനു ശേഷമാണ് കപ്പൽ ഇസ്രായേൽ തുറമുഖത്ത് നങ്കൂരമിട്ടത്.
ഗ്രേറ്റ തുംബർഗ് ഉൾപ്പെടെ കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെയും വൈദ്യപരിശോധന പൂർത്തീകരിച്ച് താൽക്കാലിക തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായി ഇസ്രായേൽ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ അതാതു രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് തീരുമാനമെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെഡ്‌ലീന്‍ എന്നുപേരിട്ട സഹായകപ്പലിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ യൂറോപ്യൻ രാജ്യങ്ങളും കുറ്റപ്പെടുത്തി. ഗസ്സക്ക് 160 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ചാണ് ഇസ്രായേൽ സൈന്യം അതിക്രമിച്ചുകയറി മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്തത്. ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം റിമ ഹസൻ, നടൻ ലിയൻ കണ്ണിങ്ഹാം, ജർമൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ അകാർ എന്നിവരും സംഘത്തിലുണ്ട്.
ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്നതിൽ മെഡ്ലീൻ കപ്പൽ ദൗത്യം വിജയിച്ചതായി സംഘാടകർ പ്രതികരിച്ചു. അതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ 40 മിനിറ്റ് സംസാരിച്ചു. ഇറാൻ ആണവ പദ്ധതിയും ഗസ്സ യുദ്ധവും ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ചയായി. ഹമാസ്, ഇസ്രായേൽ, ഇറാൻ എന്നിവരുമായി ഗസ്സ വിഷയം ചർച്ച ചെയ്തെന്നും എന്താണ് സംഭവിക്കുകയെന്ന് കാത്തിരിക്കാമെന്നും ട്രംപ് പറഞ്ഞു.
ഗസ്സയിൽ നിന്ന് ബന്ദികൾ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്നും ട്രംപ് പ്രതികരിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 59 പേർ കൊല്ലപ്പെട്ടു. ഇന്ധനക്ഷാമം ഗസ്സയിലെ മിക്ക ആശുപത്രികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

