സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായതിന് പിന്നാലെ ജൂതരോട് നഗരം വിടാൻ ആഹ്വാനവുമായി ഇസ്രായേൽ മന്ത്രി
ന്യൂയോർക്കിലെ ക്വീൻസിൽ നിന്നുള്ള നിയമസഭാംഗമായ മംദാനി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച് നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി

ന്യൂയോർക്: സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ന്യൂയോർക്കിലെ ജൂതരോട് ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നത് പരിഗണിക്കണമെന്ന് ഇസ്രായേൽ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ലി ആവശ്യപ്പെട്ടു. 'എണ്ണമറ്റ ജൂത അഭയാർത്ഥികൾക്ക് സ്വാതന്ത്ര്യവും അവസരവും വാഗ്ദാനം ചെയ്ത ന്യൂയോർക്ക് നഗരത്തിന്റെ അടിത്തറയെ തന്നെ ഇളക്കുന്ന വഴിത്തിരിവാണിത്.' മംദാനിയുടെ വിജയത്തെ കുറിച്ച് അമിച്ചായ് ചിക്ലി പറഞ്ഞു.
തെക്കൻ ലെബനനിലെ വംശീയ ഉന്മൂലനത്തിനും അധിനിവേശത്തിനും ഗസ്സയിലെ കുടിയേറ്റങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച അമിച്ചായ് ചിക്ലി മംദാനിയെ 'ഹമാസ് പിന്തുണക്കാരൻ' എന്നാണ് വിശേഷിപ്പിച്ചത്. മംദാനിയുടെ വീക്ഷണങ്ങൾ 25 വർഷം മുമ്പ് സ്വന്തം ആളുകളെ കൊലപ്പെടുത്തിയ ജിഹാദി തീവ്രവാദികളുടെ വീക്ഷണങ്ങളിൽ നിന്ന് വളരെ അകലെയല്ലെന്ന് 9/11 ആക്രമണത്തെ പരാമർശിച്ച് ചിക്ലി പറഞ്ഞു. 'ന്യൂയോർക്കിലെ ജൂതന്മാർ ഇസ്രായേൽ നാട്ടിൽ തങ്ങളുടെ പുതിയ വീട് പണിയുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കണം.' ചിക്ലി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ ക്വീൻസിൽ നിന്നുള്ള നിയമസഭാംഗമായ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച് നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി. മംദാനിയുടെ വിജയത്തിൽ ചിക്ലിക്കൊപ്പം മറ്റ് നിരവധി ഇസ്രായേലി ഉദ്യോഗസ്ഥരും നിരാശ പ്രകടിപ്പിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഈ ഫലത്തെ 'സാമാന്യബുദ്ധിക്ക് മേലുള്ള ജൂതവിരുദ്ധതയുടെ വിജയം' എന്നാണ് വിശേഷിപ്പിച്ചത്.
Adjust Story Font
16

