'ഗുണ്ടകളാണ് അവര്‍'; വെസ്റ്റ് ബാങ്കില്‍ യുഎസ് സെനറ്ററെ തടഞ്ഞുനിര്‍ത്തി ഇസ്രായേലി കുടിയേറ്റക്കാര്‍
യുഎസ് കോണ്‍ഗ്രസ് അംഗമായ റോ ഖന്നയുടെ സന്ദര്‍ശനമാണ് കുടിയേറ്റക്കാര്‍ തടസപ്പെടുത്തിയത്

റാമല്ല: വെസ്റ്റ് ബാങ്കില്‍ യുഎസ് സെനറ്ററെ തടഞ്ഞുനിര്‍ത്തി ഇസ്രായേല്‍ കുടിയേറ്റക്കാര്‍. യുഎസ് കോണ്‍ഗ്രസ് അംഗമായ റോ ഖന്നയുടെ സന്ദര്‍ശനമാണ് കുടിയേറ്റക്കാര്‍ തടസപ്പെടുത്തിയത്. സായുധരായ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ തന്നെ തടഞ്ഞതായും കസ്റ്റഡിയിലെടുത്തതായും റോ ഖന്ന പറഞ്ഞു. ഒരു മണിക്കൂറോളമാണ് ഖന്നയെ തടഞ്ഞുനിര്‍ത്തിയത്.
ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേലി കുടിയേറ്റക്കാര്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന വെസ്റ്റ് ബാങ്കിലെ സ്ഥലങ്ങള്‍ ഖന്ന അടക്കമുള്ള സംഘം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. യുഎസ് നിര്‍മിത M4 റൈഫിളുകളുമായാണ് കുടിയേറ്റക്കാര്‍ തന്നെ തടഞ്ഞതെന്നും ഖന്ന പറയുന്നു.
'ഗുണ്ടകളാണ് അവര്‍. ഞങ്ങളെ പാതിവഴിക്ക് വെച്ച് അവര്‍ തടഞ്ഞു. എന്നിട്ട് അവര്‍ ഐഡിഎഫിനെ വിളിച്ചു. ഐഡിഎഫ് ആണെങ്കില്‍ ഞങ്ങളുടെ പക്ഷത്തല്ല, അവരുടെ പക്ഷത്തായിരുന്നു. ഈ ഗുണ്ടകള്‍ വെസ്റ്റ് ബാങ്കിലെ സ്‌കൂളുകളും ഗ്രാമങ്ങളും നശിപ്പിച്ചു കഴിഞ്ഞു. ഞങ്ങള്‍ അവിടേക്ക് നോക്കി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് 20 വയസ് തോന്നിക്കുന്ന യുവാക്കളുടെ ഒരു സംഘം ഞങ്ങളുടെ അടുത്തേക്ക് എത്തിയത്,' എന്നും റോ ഖന്ന പ്രതികരിച്ചു.
ഇസ്രായേല്‍ കുടിയേറ്റക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ഒരു യുഎസ് കോണ്‍ഗ്രസ് അംഗത്തെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് ബലമായി തടഞ്ഞുവെക്കാന്‍ കഴിയുമെങ്കില്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് സാന്‍ഡേഴ്സ് ചോദിച്ചു.
അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (AIPAC) എത്ര പണം ചെലവാക്കിയിട്ടും കാര്യമില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിരിക്കണം. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര സര്‍ക്കാരിന് ഇനി യുഎസിന്റെ സൈനിക സഹായം വേണ്ടെന്നും സാന്‍ഡേഴ്സ് പറഞ്ഞു.
1967ലാണ് ഇസ്രായേല്‍ പൂര്‍ണമായും വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നത്. ഇതിനുശേഷം പല ഘട്ടങ്ങളിലായി ഇസ്രായേല്‍ പൗരന്മാര്‍ വെസ്റ്റ് ബാങ്കിലേക്ക് കുടിയേറുകയും സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഫലസ്തീനികളുടെ വീട് കത്തിച്ചും കൃഷിസ്ഥലങ്ങള്‍ നശിപ്പിച്ചും വാഹനങ്ങള്‍ തകര്‍ത്തുമാണ് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അക്രമം തുടരുന്നത്.
Adjust Story Font
16

