ശ്രീലങ്കയില്‍ ബോട്ട് ജീവനക്കാരനെ നടുക്കടലിലേക്ക് തള്ളിയിട്ട് ഇസ്രായേല്‍ വിനോദസഞ്ചാരികള്‍- വീഡിയോ
വീഡിയോ തദ്ദേശീയര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്

- Published:
9 Nov 2026 7:12 PM IST

കൊളംബോ: ശ്രീലങ്കയില്‍ വിനോദയാത്രയ്ക്കിടെ തദ്ദേശീയനും ടൂര്‍ ഗൈഡുമായ ബോട്ട് ജീവനക്കാരനെ നടുക്കടലിലേക്ക് തള്ളിയിട്ട് ഇസ്രായേലി വിനോദസഞ്ചാരികള്‍. വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ടൂര്‍ ഗൈഡിനെ ആഴക്കടലിലേക്ക് തള്ളിയിട്ടത് കൈകൊട്ടി ആസ്വദിക്കുന്ന ഇസ്രായേലി സഞ്ചാരികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോ തദ്ദേശീയര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഇന്നലെയാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോട്ട് യാത്രയില്‍ ഏതാനും ഇസ്രായേലീ വിനോദസഞ്ചാരികളും ടൂറിസ്റ്റ് ഗൈഡുമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗൈഡിനെ പിന്നിലൂടെയെത്തി കടലിലേക്ക് തള്ളിയിടുകയായിരുന്നു. ഇത് കണ്ട് കൂടെയുണ്ടായിരുന്നവര്‍ അത്യാഹ്ലാദത്തോടെ പൊട്ടിച്ചിരിക്കുന്നതായും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.
തങ്ങള്‍ തമാശക്ക് ചെയ്തതാണെന്നും, ടൂറിസ്റ്റ് ഗൈഡിന് പരിക്കുകളൊന്നുമില്ലെന്നുമാണ് സഞ്ചാരികൾ നൽകിയ വിശദീകരണം. അദ്ദേഹത്തെ വേദനിപ്പിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നെന്നും, സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിക്കണമെന്നും അവര്‍ പിന്നീട് പ്രതികരിച്ചു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തദ്ദേശീയര്‍ക്കിടയിലും സോഷ്യല്‍മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആളുകളെ പശ്ചാത്തപിക്കാന്‍ ഇടവരുത്തുന്ന ഇത്തരം തമാശകള്‍ നല്ലതിനല്ലെന്നും, ഒരു നിമിഷം അയാള്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്നുമായിരുന്നു നിരവധി പേരുടെ കുറ്റപ്പെടുത്തൽ. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തുന്ന ഇസ്രായേല്‍ വിനോദസഞ്ചാരികളുടെ അച്ചടക്കരാഹിത്യത്തെ കുറിച്ച് നേരത്തെയും വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
Adjust Story Font
16
