ക്രൂരത ഭക്ഷണത്തോടും...; ഗസ്സയിലെ റഫയിൽ ഭക്ഷ്യവിതരണകേന്ദ്രത്തിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവെപ്പ്
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങളാണ് വിതരണകേന്ദ്രത്തിലേക്കെത്തിയത്

ദുബൈ: ഗസ്സയിലെ റഫയിൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ പതിനായിരങ്ങൾക്ക് നേരെ ഇസ്രായേലിന്റെ ബലപ്രയോഗവും വെടിവെപ്പും. രണ്ടര മാസത്തിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്കുമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങളാണ് ദക്ഷിണ റഫയിൽ തുറന്ന വിതരണകേന്ദ്രത്തിലേക്ക് ഇരച്ചെത്തിയത്.ഭൂരിഭാഗം പേർക്കും ഒന്നും ലഭിക്കാതെ മടങ്ങേണ്ടതായും വന്നു.
ഇതിനിടെയാണ് ആൾക്കൂട്ടത്തിന് നേരെ ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന്‍റെ ബലപ്രയോഗവും വെടിവെപ്പും നടന്നത്. കേന്ദ്രത്തിലെ മുഴുവൻ സാധനസാമഗ്രികളും ജനക്കൂട്ടം കവർന്നതായി ഇസ്രായേൽ ആരോപിച്ചു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
എന്നാൽ ബദൽ വിതരണകേന്ദ്രവും സഹായവും ഒട്ടും പര്യാപ്തമല്ലെന്ന് യു.എൻ സെക്രട്ടറി ജനറലിന്‍റെ ഓഫീസ് പ്രതികരിച്ചു. ഗസ്സയിലേക്ക് നിർബാധം സഹായവസ്തുക്കൾ എത്തിക്കുകയും കുറ്റമറ്റ വിതരണ സംവിധാനം ഏർപ്പെടുത്തുകയും വേണം. അല്ലാത്തപക്ഷം പട്ടിണിമരണം വ്യാപകമാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.
ഗസ്സക്കു നേരെയുള്ള ആക്രമണവും ഉപരോധവും ഇനിയും തുടർന്നാൽ ശക്തമായ നടപടി വേണ്ടി വരുമെന്ന് ബ്രിട്ടൻ ഇസ്രായേലിനെ താക്കീത് ചെയ്തു. ആയുധ ഉപരോധം ഏർപ്പെടുത്താൻ മടിക്കില്ലെന്ന് ജർമനിയും മുന്നറിയിപ്പ് നൽകി.
അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശത്തോട് ഇസ്രായേൽ ഇനിയും പ്രതികരണം അറിയിച്ചിട്ടില്ല. രണ്ടു മാസത്തെ വെടിനിർത്തൽ വഴി ബന്ദികളിൽ 10പേരെ വിട്ടയക്കാനും തുടർന്ന് പൂർണ യുദ്ധവിരാമത്തിനും വഴിയൊരുക്കുന്നതാണ് യു.എസ് സമർപ്പിച്ച നിർദേശം. എന്നാൽ സൈനിക വിജയത്തിലൂടെ മാത്രമേ ബന്ദിമോചനം സാധ്യമാകൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞു. ഹമാസിനെ അമർച്ച ചെയ്തും ഗസ്സയിൽ നിന്നുള്ള ഭാവിഭീഷണി ചെറുത്തും മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നും നെതന്യാഹു വ്യക്തമാക്കി. ഗസ്സ മുനമ്പിൽ യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമെർട്ട് കുറ്റപ്പെടുത്തി.
Adjust Story Font
16

