'എനിക്ക് അപമാനിതനായി പുറത്തുപോകേണ്ടി വന്നിട്ടില്ല': ന്യൂയോർക്ക് മേയർ സ്ഥാനാർഥി സംവാദത്തില്‍ കൊമ്പ് കോർത്ത് മംദാനിയും ക്യൂമോയും
മംദാനിയുടെ ഫലസ്തീൻ അനുകൂല നിലപാടും ഗസ്സയിലേത് വംശഹത്യ എന്ന് വിശേഷിപ്പിച്ചതുമുൾപ്പെടെ ചർച്ചയായി

ആൻഡ്രൂ ക്യൂമോ-സൊഹ്റാന്‍ മംദാനി
വാഷിങ്ടണ്‍: ന്യൂയോർക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള അവസാന ഘട്ട സംവാദത്തില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ സൊഹ്റാന്‍ മംദാനിയും ആൻഡ്രൂ ക്യൂമോയും. പ്രായം, അനുഭവ സമ്പത്ത്, എന്നിവ മുന്‍നിര്‍ത്തിയായിരുന്നു ഇരുവരും പരസ്പരം കോര്‍ത്തത്.
പുരോഗമന സംസ്ഥാനം എന്ന നിലയില്‍ അസംബ്ലി അംഗം കൂടിയായ മംദാനി മേയര്‍ ജോലിക്ക് പ്രാപ്തനല്ലെന്ന് ക്യൂമോ മുന്നറിയിപ്പ് നൽകിയപ്പോള്‍ മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറായിരിക്കെ ഉയര്‍ന്ന അഴിമതി-ലൈംഗിക ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു മംദാനിയുടെ തിരിച്ചടി.
ക്യൂമോ, മംദാനി, എന്നിവരെക്കൂടാതെ മറ്റു അഞ്ച് സ്ഥാനാർത്ഥികൾ കൂടി ഡെമാക്രോറ്റിക് ടിക്കറ്റിനായി മത്സര രംഗത്തുണ്ട്. ഇതില്‍ മുന്‍നിര സ്ഥാനാര്‍ഥികളായ ക്യൂമോയുടെയും മംദാനിയുടെയും സംവാദത്തിനായിരുന്നു പ്രാധാന്യം ലഭിച്ചത്.
മുന്നിലുള്ള വെല്ലുവിളികളെ വിലയിരുത്തുകയാണെങ്കില്‍ 33കാരനായ ഒരു സംസ്ഥാന അസംബ്ലി അംഗത്തെ തെരഞ്ഞെടുക്കുന്നത് അപകടകരമാണെന്ന് ക്യുമോ പറഞ്ഞു. നഗര-സംസ്ഥാന-ഫെഡറൽ നിയമനിർമ്മാതാക്കളുമായി ചർച്ച നടത്തുക, പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി 'ഏറ്റുമുട്ടുക', പ്രകൃതിദുരന്തങ്ങളില്‍ ഇടപെടുക തുടങ്ങിയ കാര്യങ്ങൾ ശ്രമകരമായ ജോലിയാണെന്നും അതിന് 33കാരന്റെ പ്രാപ്തിയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗവര്‍ണറായിരിക്കെ ക്യൂമോയുടെ ഓഫീസില്‍ സംഭവിച്ച അഴിമതികളുടെ നീണ്ട പട്ടികയുമായാണ് മംദാനി തിരിച്ചടിച്ചത്. 2021ൽ ക്യൂമോയെ സ്ഥാനത്തുനിന്ന് പുറത്താക്കിയ ലൈംഗിക പീഡന ആരോപണങ്ങൾ ഉൾപ്പെടെ മംദാനി എടുത്തിട്ടു."എനിക്ക് ഒരിക്കലും അപമാനം സഹിച്ച് രാജിവെക്കേണ്ടി വന്നിട്ടില്ല'- മുറിവില്‍ എരിവ് പുരട്ടിയെന്നോണം മംദാനി പറഞ്ഞു.
'ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് സ്ത്രീകളെ എനിക്ക് വേട്ടയാടപ്പെടേണ്ടി വന്നിട്ടില്ല. അവരുടെ ഗൈനക്കോളജിക്കൽ രേഖകൾക്കായി കേസ് കൊടുക്കേണ്ടി വന്നിട്ടില്ല, മിസ്റ്റര്‍ ക്യുമോ ഒരുകാര്യം നിങ്ങള്‍ മനസിലാക്കണം, നിങ്ങളല്ല ഞാന്‍''-മംദാനി പറഞ്ഞു. സംസ്ഥാന അസംബ്ലി അംഗമെന്ന നിലയില്‍ മംദാനി ഒന്നും ചെയ്തില്ലെന്നായി ക്യൂമോയുടെ ആരോപണം. അതിനിടെ തന്റെ പേര് തെറ്റായി ഉച്ചരിച്ചതിന് മംദാനി അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറാകും മംദാനി. അദ്ദേഹത്തിന്റെ ഫലസ്തീന്‍ അനുകൂല നിലപാടും ഗസ്സയില്‍ നടക്കുന്നത് വംശഹത്യ എന്ന് വിശേഷിപ്പിച്ചതുമുള്‍പ്പെടെ സംവാദത്തില്‍ ചര്‍ച്ചയായി. എന്നാല്‍ ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്ന് 2021ൽ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം രാഷ്ട്രീയ തിരിച്ചുവരവിന് ശ്രമിക്കുകയാണ് 67 കാരനായ ക്യൂമോ.
ഇതിനിടെ മംദാനിയെ, ക്യൂമോ ശരിക്കും പേടിക്കുന്നുവെന്നായിരുന്നു ന്യൂയോർക്ക് സിറ്റി മുൻ മേയര്‍ ബിൽ ഡി ബ്ലാസിയോയുടെ പ്രതികരണം. ജൂണ്‍ 24നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആരെന്നറിയാനുള്ള പ്രൈമറി വോട്ടെടുപ്പ്. ഏര്‍ലി വോട്ടിങ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നവംബർ നാലിനാണ് മേയർ തെരഞ്ഞെടുപ്പ്. എറിക് ആഡംസ് ആണ് ഇപ്പോഴത്തെ ന്യൂയോർക്ക് മേയർ. 2021ൽ ഡെമോക്രാറ്റായി മത്സരിച്ച അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഇത്തവണ മത്സരിക്കുന്നത്.
Adjust Story Font
16

