ജെഫ്രി എപ്സ്റ്റീൻ മൊസാദ് ഏജന്റ്, ഇസ്രായേലിൽ പരിശീലനം നേടി: എഫ്ബിഐ രേഖ
എപ്സ്റ്റീന്റെ സുഹൃത്തും മുൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായ എഹുദ് ബരാക്കിന്റെ കീഴിൽ പരിശീലനം നേടിയതായും രേഖയിൽ പറയുന്നു

- Published:
7 Feb 2026 10:38 PM IST

തെൽ അവിവ്: ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ മൊസാദ് ഏജന്റ് ആയിരുന്നുവെന്ന് എഫ്ബിഐ രേഖ. എപ്സ്റ്റീന്റെ സുഹൃത്തും മുൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായ എഹുദ് ബരാക്കിന്റെ കീഴിൽ പരിശീലനം നേടിയതായും രേഖയിൽ പറയുന്നു. എന്നാൽ എപ്സ്റ്റീൻ ഇസ്രായേലിനായി പ്രവർത്തിച്ചുവെന്ന വാദം തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
'എപ്സ്റ്റീനും എഹൂദ് ബരാക്കും തമ്മിലുള്ള അസാധാരണമായ ബന്ധം എപ്സ്റ്റീൻ ഇസ്രായേലിനായി പ്രവർത്തിച്ചിരുന്നു എന്നതിന്റെ സൂചനയല്ല. അത് നേരെ മറിച്ചാണ് തെളിയിക്കുന്നത്.' നെതന്യാഹു എക്‌സിൽ കുറിച്ചു. പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് ഇന്ധനം നൽകുക, അസ്വസ്ഥത വളർത്തുക, തെറ്റായ മാധ്യമ വിവരണങ്ങൾ നൽകുക എന്നിവയിലൂടെ തന്റെ സർക്കാരിനെ ദുർബലപ്പെടുത്താൻ ബരാക് ദീർഘകാലമായി ശ്രമിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു.
2007നും 2013നും ഇടയിൽ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ച എഹൂദ് ബരാക്കും എപ്സ്റ്റീനും തമ്മിൽ ദീർഘകാല ബന്ധമുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ മറ്റ് ഫയലുകളും വെളിപ്പെടുത്തുന്നു. ടെക് സ്ഥാപനമായ പാലന്തിറിൽ വെച്ച് എപ്സ്റ്റീൻ ബരാക്കിന് ഉപദേശം നൽകിയതായും, മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് പീറ്റർ മണ്ടൽസണിന് ഒരു ഊർജ കമ്പനിയിൽ ജോലി നൽകാൻ മുൻ ഇസ്രായേലി നേതാവിനോട് ആവശ്യപ്പെട്ടതായും, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൽകേണ്ട കൺസൾട്ടൻസി ഫീസിനെക്കുറിച്ച് ചർച്ച ചെയ്തതായും രേഖകൾ വ്യക്തമാക്കുന്നു.
ബ്ലാക്ക് മെയിൽ പ്രവർത്തനങ്ങൾക്ക് എപ്സ്റ്റീൻ മൊസാദിന്റെ തുറുപ്പ് ചീട്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 1980കൾ മുതൽ എപ്‌സ്റ്റീനും കാമുകി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും ഇസ്രായേലി ഇന്റലിജൻസിനായി പ്രവർത്തിച്ചിരുന്നുവെന്ന മുൻ ഇസ്രായേലി ഇന്റലിജൻസ് ഓഫീസർ അരി ബെൻ-മെനാഷെയുടെ വാക്കുകൾ ഇത്തരം അവകാശവാദങ്ങൾക്ക് ആക്കം കൂട്ടുന്നു.
Adjust Story Font
16
