Quantcast

ഫലസ്തീനികളെ പിന്തുണക്കണം, ഇസ്രായേലിനെ സഹായിക്കുന്ന കമ്പനികളുമായുള്ള കരാർ റദ്ദാക്കണം; സിഇഒക്ക് കത്തെഴുതി ഗൂഗിളിലെ ജൂതജീവനക്കാർ

കമ്പനിയിലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇൻ ടെക് ആണ് ഇസ്രായേൽ നരഹത്യയെ അപലപിച്ച് പിച്ചൈക്ക് കത്തെഴുതിയത്

MediaOne Logo

Web Desk

  • Updated:

    2021-05-19 14:51:28.0

Published:

19 May 2021 2:50 PM GMT

ഫലസ്തീനികളെ പിന്തുണക്കണം, ഇസ്രായേലിനെ സഹായിക്കുന്ന കമ്പനികളുമായുള്ള കരാർ റദ്ദാക്കണം; സിഇഒക്ക് കത്തെഴുതി ഗൂഗിളിലെ ജൂതജീവനക്കാർ
X

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരഹത്യയ്‌ക്കെതിരെ രാജ്യാന്തരതലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി രാജ്യങ്ങളും യൂറോപ്യൻ യൂനിയൻ അടക്കമുള്ള സംഘടനകളും കലാ-കായിക രംഗത്തെ പ്രമുഖരും ഫലസ്തീന് പിന്തുണ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കോർപറേറ്റ് ഭീമന്മാരായ ഗൂഗിളിലും ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നു. ഫലസ്തീനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ജീവനക്കാർ സിഇഒ സുന്ദർ പിച്ചൈക്ക് കത്തെഴുതിക്കഴിഞ്ഞു.

ഗൂഗിളിലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇൻ ടെക് ആണ് ഇസ്രായേൽ നരഹത്യയെ അപലപിച്ച് പിച്ചൈക്ക് കത്തെഴുതിയത്. മേഖലയിൽ നടക്കുന്ന സൈനികമായ അധിനിവേശഹിംസകൾ ഫലസ്തീനികളെ തകർത്തിരിക്കുകയാണെന്നും ഇതിനെതിരെ ഗൂഗിൾ ജീവനക്കാർ ഉയർത്തിയ അഭ്യർത്ഥനകൾ മാനിക്കണമെന്നും 250 പേർ ഒപ്പുവച്ച കത്തിൽ ആവശ്യപ്പെട്ടു. സൈനിക അതിക്രമങ്ങൾക്കിരയായ ഫലസ്തീനികൾക്കുവേണ്ടിയുള്ള ധനസമാഹരണത്തെ പിന്തുണയ്ക്കമെന്നും ഇസ്രായേലിന്റെ വംശഹത്യാ നടപടികളെ അനുകൂലിക്കുന്ന കമ്പനികളുമായുള്ള കരാറുകൾ റദ്ദാക്കുന്ന കാര്യം ആലോചിക്കണമെന്നും ഇവർ കത്തിൽ നിർദേശിച്ചു.

ഇസ്രായേലിനെയോ സയണിസത്തെയോ വിമർശിക്കുന്നത് സെമിറ്റിക്ക് വിരുദ്ധതയാണെന്ന നിർവചനം ഗൂഗിൾ മേധാവികൾ തള്ളിക്കളയണം. ഇപ്പോഴത്തെ സംഘർഷത്തിൽ ഫലസ്തീനികളെയും ഇസ്രായേലികളെയും ബാധിക്കുന്നുണ്ട്. എന്നാൽ, ഫലസ്തീനികൾ നേരിടുന്ന വിനാശകരവും മാരകവുമായ ആക്രമണങ്ങളെ അവഗണിക്കുന്നത് നമ്മുടെ ഫലസ്തീൻ സഹപ്രവർത്തകരെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്-കത്തിൽ പറയുന്നു.

ഗൂഗിളിലെ ഇസ്രായേൽ അനുകൂല ജൂതന്മാരുടെ കൂട്ടായ്മയാണ് ജ്യൂഗ്ലേഴ്‌സ്. കൂട്ടായ്മ കമ്പനിക്കുള്ളിൽ സയണിസ്റ്റ് അനുകൂല പ്രചാരണങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജ്യൂയിഷ് ഡയസ്‌പോറ രൂപീകൃതമായത്. ഇസ്രായേലിൻരെ അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്ന മതേതര, ലിബറൽ സമൂഹമാണ് ജ്യൂയിഷ് ഡയസ്‌പോറയിൽ അംഗമായിട്ടുള്ളത്.

TAGS :

Next Story