Quantcast

'ഗസ്സയിൽ നടത്തുന്നത് മാനവിക വിരുദ്ധത'; ഇസ്രായേലിലെ അംബാസിഡറെ തിരിച്ചുവിളിച്ച് ജോർദാൻ

ഇസ്രായേൽ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബൊളീവിയ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-02 12:57:37.0

Published:

2 Nov 2023 12:51 PM GMT

Jordan has recalled its ambassador to Israel to protest the war in Gaza that has killed Palestinian civilians.
X

ഇസ്രായേലിലെ അംബാസിഡറെ തിരിച്ചുവിളിച്ച് ദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ. ഇസ്രായേലിലെ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചതായും അവരുടെ പ്രതിനിധിയെ അയക്കേണ്ടെന്ന് പറഞ്ഞതായും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഹാദിയാണ് അറിയിച്ചത്. ആയിരക്കണക്കിന് ഫലസ്തീനിയൻ സാധാരണക്കാരെ കൊന്ന ഗസ്സയിലെ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ദേഹം എക്‌സിൽ (ട്വിറ്റർ) വ്യക്തമാക്കി. യുദ്ധം വരും തലമുറകളെ വേട്ടയാടുന്ന മാനുഷിക ദുരന്തത്തിനും പ്രദേശത്തെ അരക്ഷിതാവസ്ഥക്കും കാരണമാകുമെന്നും ട്വീറ്റിൽ വിമർശിച്ചു. ഗസ്സ അതിക്രമത്തിനെതിരെ പ്രതിഷേധങ്ങൾ കനത്തതോടെ ജോർദാനിലെ ഇസ്രായേലി അംബാസിഡർ രണ്ടാഴ്ച മുമ്പ് രാജ്യം വിട്ടിരുന്നു.

ഗസ്സയിൽ സാധാരണക്കാരുടെ ജീവനെടുക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബൊളീവിയ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിലെ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചിരുന്നു. നവംബർ ഒന്നിനാണ് കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡൻറ് ഗുസ്താവോ പെട്രോ അംബാസിഡറെ തിരിച്ചുവിളിച്ചത്. ഫലസ്തീൻ ജനങ്ങളെ ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നതായി കുറ്റപ്പെടുത്തിയായിരുന്നു നടപടി.

ഗസ്സയിലെ ആക്രമണങ്ങളിൽ ഇസ്രായേൽ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സർക്കാർ അറിയിച്ചു. 'ഗസ്സയിൽ നടക്കുന്ന ഇസ്രായേലി സൈനിക ആക്രമണത്തെ എതിർത്തും അപലപിച്ചും ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു' ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മാമണി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെടിനിർത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്ക്കെതിരെ ഗസ്സയിൽ നടക്കുന്ന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണ് വാർത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല.

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളിവീയ. ഗസ്സയിലെ ഇസ്രായേൽ നടപടികളിൽ പ്രതിഷേധിച്ച് 2009ൽ ഇടതുപക്ഷ പ്രസിഡൻറ് ഇവോ മൊറേൽസിൻറെ സർക്കാരിന് കീഴിൽ തെക്കേ അമേരിക്കൻ രാജ്യം മുമ്പ് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. 2020ലാണ് ബന്ധം പുനഃസ്ഥാപിച്ചത്. ഇസ്രയേലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡൻറ് ലൂയിസ് ആർസിനോട് സോഷ്യൽ മീഡിയയിൽ മൊറേൽസ് സമ്മർദ്ദം ചെലുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം. തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീൻ അംബാസഡറുമായി ആർസെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗസ്സയിൽ ഇസ്രായേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചിലി പ്രസിഡൻറ് ഗബ്രിയേൽ ബോറിക് പ്രതിനിധിയെ തിരിച്ചുവിളിച്ചത്. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേൽ - ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമെന്ന് ചിലി വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. അയൽ രാജ്യമായ ബൊളീവിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ചിലിയുടെ നടപടി.

'ഈ സൈനിക ഓപറേഷനെ ചിലി അപലപിക്കുന്നു. വലിയ ഉത്കണ്ഠയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്. ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കു നേരെ കൂട്ടശിക്ഷയാണ് ഇസ്രായേൽ നടത്തുന്നത്. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കുന്നില്ല. ഗസ്സയിൽ കൊല്ലപ്പെട്ട എട്ടായിരം പേരിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്' - ചിലി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഗസ്സയിലെ ആക്രമണത്തിൽ ശക്തമായ നിലപാടാണ് ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങൾ സ്വീകരിച്ചു വരുന്നത്. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചപ്പോൾ ചിലിയും കൊളംബിയയും തങ്ങളുടെ അംബാഡർമാരെ തിരിച്ചുവിളിച്ചു. അടിയന്തരമായി വെടിനിർത്തണമെന്നാണ് ബ്രസീലും മെക്സിക്കോയും ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ആക്രമണത്തിൽ 3760 കുട്ടികളും 2326 സ്ത്രീകളുമടക്കം 9061 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടതെന്നാണ് ഗസ്സ ആരോഗ്യ അധികൃതർ ഇന്ന് അറിയിച്ചത്.

Jordan has recalled its ambassador to Israel to protest the war in Gaza that has killed Palestinian civilians.

TAGS :

Next Story