ലിബിയൻ മുൻ ഭരണാധികാരി കേണൽ മുഅമ്മര്‍ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു
നാലംഗ ആക്രമിസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു

ട്രിപ്പോളി: ലിബിയയിലെ മുൻ ഭരണാധികാരി കേണൽ മുഅമ്മര്‍ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. നാലംഗ ആക്രമിസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അന്ത്യം. ഗദ്ദാഫിയുടെ അഭിഭാഷകൻ ഖാലിദ് അൽ-സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുല്ല ഒത്മാനും വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു.
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്‍റാൻ പട്ടണത്തിലെ വീട്ടിൽ വെച്ച് ഗദ്ദാഫിയെ ആയുധധാരികൾ കൊലപ്പെടുത്തിയതായി ഒത്മാന്‍റെ വാക്കുകളെ ഉദ്ധരിച്ച് ലിബിയൻ വാർത്താ ഏജൻസിയായ ഫവാസൽ മീഡിയ റിപ്പോർട്ട് ചെയ്തു. മുഖംമൂടി ധരിച്ച നാല് പേര്‍ ഗദ്ദാഫിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായും അദ്ദേഹത്തെ കൊലപ്പെടുത്തിയതായും ഗദ്ദാഫിയുടെ രാഷ്ട്രീയ സംഘം പിന്നീട് പ്രസ്താവന പുറത്തിറക്കി. വളരെ ആസൂത്രിതമായിരുന്നു കൊലപാതകം. ഗദ്ദാഫിയുടെ വീട്ടിലെ സിസി ടിവി ക്യാമറകൾ മറച്ചുകൊണ്ടായിരുന്നു അക്രമികളുടെ നീക്കം.
കൊലപാതകത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ട്രിപ്പോളി ആസ്ഥാനമായുള്ള ഹൈ സ്റ്റേറ്റ് കൗൺസിലിന്‍റെ മുൻ തലവനായ ഖാലിദ് അൽ-മിഷ്രി ആവശ്യപ്പെട്ടു.
1969 മുതൽ 40 വർഷത്തോളം ലിബിയയെ ഭരിച്ച മുഅമർ ഗദ്ദാഫി 2011ലാണ് കൊല്ലപ്പെട്ടത്. 2011-ൽ പ്രതിപക്ഷം ട്രിപ്പോളി പിടിച്ചെടുത്തതിനെത്തുടർന്ന് വടക്കേ ആഫ്രിക്കൻ രാജ്യമായ സിന്‍റാനിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച ഗദ്ദാഫിയെ പിടികൂടി ജയിലിലടച്ചു. 2017ൽ മോചിതനായ അദ്ദേഹം അന്നുമുതൽ സിന്‍റാനിലാണ് താമസിച്ചിരുന്നത്.
മു അമർ ഗദ്ദാഫിയുടെ രണ്ടാമത്തെ മകനാണ് സൈഫുൽ ഇസ്‍ലാം ഗദ്ദാഫി.2000ത്തിന്‍റെ തുടക്കത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ലിബിയയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഗദ്ദാഫി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ആളായിരുന്നു. ഭരണഘടനക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിച്ചുകൊണ്ട് അദ്ദേഹം സ്വയം ഒരു പരിഷ്കർത്താവായും സ്വയം വിശേഷിപ്പിച്ചിരുന്നു.
Adjust Story Font
16

