ഇറാനെ തീർക്കുമെന്ന് ട്രംപിന്റെ ഭീഷണി, കൗണ്ട്ഡൗണുമായി ഇസ്രായേലി-ഇന്ത്യൻ ചാനലുകൾ; വിമർശനവുമായി സോഷ്യൽമീഡിയ
ഓരോ സെക്കൻഡ് കുറയുമ്പോഴും ട്രംപിന്റെ ഭീഷണിയെ റേറ്റിംഗിനുള്ള ആയുധമാക്കുകയായിരുന്നു മാധ്യമങ്ങളെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു

- Updated:
2026-04-08 07:25:57.0

വാഷിങ്ടണ്‍ ഡിസി: ഇറാനു മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കാൻ എത്ര മിനിറ്റുകൾ ബാക്കിയുണ്ടെന്ന് തത്സമയം കാണിച്ച ഇസ്രായേലി-ഇന്ത്യൻ ചാനലുകളുടെ നടപടിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഇസ്രായേലിലെ ചാനൽ 13 തങ്ങളുടെ സ്ക്രീനിന്റെ പകുതിയോളം വലിപ്പത്തിൽ തത്സമയ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചാണ് ലോകത്തെ യുദ്ധഭീതിയുടെ മുനയിൽ നിർത്തിയത്.
ഓരോ സെക്കൻഡ് കുറയുമ്പോഴും ഒരു രാജ്യം തന്നെ ഇല്ലാതാകുമെന്ന ട്രംപിന്റെ ഭീഷണിയെ റേറ്റിംഗിനുള്ള ആയുധമാക്കുകയായിരുന്നു മാധ്യമങ്ങളെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു. സമാനമായ രീതിയിൽ ഇന്ത്യ ടുഡേ അടക്കമുള്ള പല മുൻനിര ഇന്ത്യൻ ചാനലുകളും യുദ്ധത്തെ ആഘോഷമാക്കി മാറ്റിയെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.
'ഒരു ജനതയുടെ നാശത്തെ തത്സമയ സ്പോർട്സ് ഇവന്റ് പോലെ ആഘോഷിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അധഃപതനമാണ്',' ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലായ ഒരു സാഹചര്യത്തെ വെറുമൊരു 'ഷോ' ആക്കി മാറ്റുന്നത് എത്രത്തോളം ധാർമ്മികമാണ്', 'കൂട്ട ഉന്മൂലനം കൗണ്ട്ഡൗൺ ഇട്ട് കാത്തുനിന്ന ഇന്ത്യൻ കഴുകൻ മാധ്യമങ്ങൾ നിരാശരായി' തുടങ്ങിയ കമന്‍റുകളാണ് ഇതിനെതിരെ ഉയരുന്നത്.
ഒരു നാഗരികത മുഴുവന്‍ ഇന്ന് ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ചത്തൊടുങ്ങുമെന്നായിരുന്നു ട്രംപ് ഇന്നലെ പറഞ്ഞത്. 'ഇന്ന് രാത്രി ഒരു നാഗരികത മുഴുവന്‍ ചത്തൊടുങ്ങും. ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തവിധം. അത് സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ സംഭവിക്കും. എന്നിരുന്നാലും, ഇപ്പോള്‍ സമ്പൂര്‍ണമായ ഭരണമാറ്റം വന്നതിനാല്‍, അവിടെ വ്യത്യസ്തവും ബുദ്ധിയുള്ളതും തീവ്രചിന്ത കുറഞ്ഞതുമായ മനസ്സുകളുണ്ട്. ഒരുപക്ഷേ എന്തെങ്കിലും അത്ഭുതകരമായി സംഭവിച്ചാലോ, ആര്‍ക്കറിയാം? ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് അറിയാം. 47 വര്‍ഷത്തെ കൊള്ളയും അഴിമതിയും മരണവും ഒടുവില്‍ അവസാനിക്കും. ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!' -ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു.
ട്രംപിന്റെ ഭീഷണിയും ചാനലുകളുടെ കൗണ്ട്ഡൗണും കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയിലാണ് താത്ക്കാലി വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്നത്. രണ്ടാഴ്ചത്തെ വെടിനിർത്തലിനാണ് ഇറാൻ സമ്മതിച്ചിരിക്കുന്നത്. ട്രംപ് ഇറാനുനേരെയുള്ള ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയത്. തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണ. രണ്ടാഴ്ചത്തെ വെടിനിർത്തലിനാണ് ഇറാൻ സമ്മതിച്ചിരിക്കുന്നത്. വെടിനിര്‍ത്തലിനായി പത്തിന നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ട് വെച്ചത്.
Adjust Story Font
16
