Quantcast

'എന്നെ വിമാനത്തിൽ കയറ്റി സിറിയക്ക് മുകളിൽ കൊണ്ടുപോയി തള്ളണമെന്ന് പറഞ്ഞത് അവരാണ്, എന്നിട്ടും ഞാനെങ്ങനെയാണ് ഭീഷണിയാകുന്നത്?'; മഹ്മൂദ് ഖലീൽ

റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിക്കി പാലാഡിനോ, ഖലീലിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച് എക്സിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് ഫലസ്തീൻ ആക്ടിവിസ്റ്റിന്‍റെ പ്രതികരണം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-05-01 17:08:32.0

Published:

1 May 2026 10:37 PM IST

എന്നെ വിമാനത്തിൽ കയറ്റി സിറിയക്ക് മുകളിൽ കൊണ്ടുപോയി തള്ളണമെന്ന് പറഞ്ഞത് അവരാണ്, എന്നിട്ടും ഞാനെങ്ങനെയാണ് ഭീഷണിയാകുന്നത്?; മഹ്മൂദ് ഖലീൽ
X

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ പ്രതിഷേധം നടത്തിയതിന്‍റെ പേരിൽ യുഎസ് തടങ്കലിലാക്കി വിട്ടയച്ചതിന് മാസങ്ങൾക്ക് ശേഷവും തനിക്കെതിരെ ഭീഷണികൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണെന്ന് ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീൽ. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിക്കി പാലാഡിനോ, ഖലീലിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച് എക്സിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് ഖലീലിന്‍റെ പ്രതികരണം. ഖലീലിനെ ഒരു സൈനിക വിമാനത്തിൽ കയറ്റി പാരച്യൂട്ട് നൽകി സിറിയക്ക് മുകളിൽ വെച്ച് പുറത്തേക്ക് തള്ളണമെന്നായിരുന്നു കൗണ്‍സില്‍ അംഗത്തിന്‍റെ പോസ്റ്റ്.

'എന്നെ എങ്ങനെയെങ്കിലും കൊലപ്പെടുത്തണമെന്ന് പരസ്യമായി പറഞ്ഞത് ന്യൂയോർക്ക് കൗണ്‍സില്‍ അംഗമാണ്. എന്നിട്ടും, എങ്ങനെയോ ഞാനാണ് അവരുടെ ഏറ്റവും വലിയ ഭീഷണി.' ഖലീൽ എക്സിൽ പ്രതികരിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരിയും ഫലസ്തീൻ ആക്ടിവിസ്റ്റുമായ മഹ്മൂദ് ഖലീലിനെ 2025 മാർച്ച് എട്ടിനാണ് യുഎസ് ഇമിഗ്രേഷൻ തടങ്കലിലാക്കിയത്. ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരായ പ്രവർത്തനങ്ങളിൽ പങ്കാളിയായെന്ന് ചൂണ്ടിക്കാട്ടി മൂന്ന് മാസത്തിലേറെയാണ് മഹ്മൂദിന് തടങ്കലിൽ കഴിയേണ്ടിവന്നത്. ഒരു വംശഹത്യയിൽ പ്രതിഷേധിച്ചതിന് തടങ്കലിൽ വെക്കേണ്ട ആവശ്യമില്ലെന്നും തനിക്ക് നീതി വൈകിയെന്നും തടങ്കലിൽ നിന്ന് മോചിതനായ ശേഷം ഖലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

യുഎസിലെ സ്ഥിരം താമസക്കാരനും പൗരത്വവുമുള്ള വ്യക്തിയായിരുന്നിട്ടും ഖലീലിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്‍റെ പൗരത്വം റദ്ദാക്കാനും നാടുകടത്താനും ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഖലീലിന്‍റെ ഭാര്യയുടെ പ്രസവസമയത്ത് താൽക്കാലികമായി പോലും വിട്ടയക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. യാതൊരു കുറ്റവും ചുമത്താതെ നൂറുദിവസത്തിലധികം ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്‍ററിൽ കഴിഞ്ഞ ശേഷമാണ് ഖലീലിനെ വിട്ടയച്ചത്.

TAGS :

Next Story