Quantcast

സ്വർണമെന്ന് കരുതി സൂക്ഷിച്ചു, ചുറ്റിക കൊണ്ടടിച്ചിട്ടും പൊട്ടിയില്ല; ഒടുവിൽ സത്യമറിഞ്ഞപ്പോൾ ഞെട്ടി

എന്തൊക്കെ ശ്രമിച്ചിട്ടും പൊട്ടാത്ത ഈ കല്ലിന്റെ രഹസ്യമറിയാൻ 2019ൽ ഡേവിഡ് ഹോൾ എന്നയാൾ മ്യൂസിയത്തെ സമീപിച്ചു

MediaOne Logo

Web Desk

  • Updated:

    2026-07-09 14:11:12

Published:

9 July 2026 1:11 PM IST

സ്വർണമെന്ന് കരുതി സൂക്ഷിച്ചു, ചുറ്റിക കൊണ്ടടിച്ചിട്ടും പൊട്ടിയില്ല; ഒടുവിൽ സത്യമറിഞ്ഞപ്പോൾ ഞെട്ടി
X

മെൽബൺ: ആസ്‌ട്രേലിയയിലെ മെൽബണിനടുത്തുള്ള മേരിബറോ റീജിയണൽ പാർക്കിൽ നിന്നും 2015ൽ ഡേവിഡ് ഹോൾ എന്നൊരാൾക്ക് ഭാരമേറിയ ഒരു വ്യത്യസ്തമായ പാറക്കല്ല് ലഭിച്ചു. സ്വർണഖനികൾക്ക് പേരുകേട്ട പ്രദേശമായതിനാൽ, ആ കല്ലിനുള്ളിൽ സ്വർണമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം അദ്ദേഹം മനസിലാക്കിയത്, താൻ സൂക്ഷിച്ചുവെച്ചിരിക്കുന്നത് സ്വർണത്തേക്കാൾ വിലമതിക്കാനാവാത്ത 4.6 ബില്യൺ (460 കോടി) വർഷം പഴക്കമുള്ള ഒരു ഉൽക്കാശിലയാണെന്നാണ് (Meteorite).

ചുവപ്പുനിറത്തിലുള്ള ആ പാറക്കല്ല് വീട്ടിലെത്തിച്ച ഡേവിഡ് ഹോൾ അതിനുള്ളിലെ സ്വർണം പുറത്തെടുക്കാൻ എല്ലാ വഴികളും പരീക്ഷിച്ചു. പാറ മുറിക്കുന്ന വാൾ, ആംഗിൾ ഗ്രൈൻഡർ, ഡ്രില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ചിട്ടും, എന്തിന് ആസിഡിൽ മുക്കിവെച്ചിട്ടും ആ കല്ലിൽ ഒരു പോറൽ പോലുമേൽപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ ഒരു വലിയ ചുറ്റിക ഉപയോഗിച്ച് പൊട്ടിക്കാൻ ശ്രമിച്ചിട്ടും ആ പാറക്കല്ല് വഴങ്ങിയില്ല. അങ്ങനെ അതിനുള്ളിലെ സ്വർണം പുറത്തെടുക്കാനാകാതെ വർഷങ്ങളോളം അദ്ദേഹം ആ കല്ല് സൂക്ഷിച്ചുവെച്ചു.

എന്തൊക്കെ ശ്രമിച്ചിട്ടും പൊട്ടാത്ത ഈ കല്ലിന്റെ രഹസ്യമറിയാൻ ഒടുവിൽ 2019ൽ അദ്ദേഹം മെൽബൺ മ്യൂസിയത്തെ സമീപിച്ചു. അവിടെവെച്ച് ഡെർമോട്ട് ഹെൻട്രി, ബിൽ ബിർച്ച് എന്നീ ഭൗമശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിലാണ് ഈ കല്ലിന്റെ യഥാർഥ മൂല്യം പുറത്തുവന്നത്. അതൊരു സാധാരണ പാറക്കല്ലല്ല, മറിച്ച് സൗരയൂഥത്തിന്റെ ഉത്ഭവത്തോളം തന്നെ പഴക്കമുള്ള ഒരു അപൂർവ്വ ഉൽക്കാശിലയായിരുന്നു. കണ്ടെത്തിയ സ്ഥലത്തിന്റെ ഓർമ്മയ്ക്കായി മേരിബറോ (Maryborough meteorite) എന്നാണ് ശാസ്ത്രജ്ഞർ ഇതിന് പേരുനൽകിയത്.

17 കിലോഗ്രാം ഭാരമുള്ള ഈ ഉൽക്കാശില 'H5 ഓർഡിനറി കോൺഡ്രൈറ്റ്' എന്ന വിഭാഗത്തിൽപ്പെടുന്നതാണ്. ഇതിൽ ഇരുമ്പിന്റെയും നിക്കലിന്റെയും അംശം വളരെ കൂടുതലാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ (asteroid belt) നിന്നാകാം ഇത് ഭൂമിയിലേക്ക് പതിച്ചത് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ആയിരക്കണക്കിന് സ്വർണക്കട്ടികൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും, വിക്ടോറിയ സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് 17-ാമത്തെ ഉൽക്കാശിലയാണിത്. ഭൂമിയുടെയും സൗരയൂഥത്തിന്റെയും ഉത്ഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ഈ കല്ല്, ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം സ്വർണത്തേക്കാൾ എത്രയോ മടങ്ങ് വിലമതിക്കുന്നതാണ്.

TAGS :

Next Story