ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ലണ്ടനിൽ ഒന്നര ലക്ഷം പേരുടെ മാർച്ച്
ഗസ്സയിലെ ജനങ്ങളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി

ലണ്ടൻ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് 150,000-ത്തിലധികം ആളുകൾ ലണ്ടനിലെ തെരുവിലിറങ്ങി. ഗസ്സയിലെ ജനങ്ങളെ ബലമായി ഒഴിപ്പിക്കാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ശ്രമങ്ങൾക്കെതിരെ ഇവർ ശക്തമായ താക്കീത് നൽകി. മനുഷ്യാവകാശ സംഘടനകളുടെയും അഭിഭാഷക സംഘടനകളുടെയും കൂട്ടായ്മയാണ് ശനിയാഴ്ച ‘നാഷണൽ മാർച്ച് ഫോർ ഫലസ്തീൻ’ സംഘടിപ്പിച്ചത്. വൈറ്റ്ഹാളിൽനിന്ന് യുഎസ് എംബസിയിലേക്കായിരുന്നു മാർച്ച്.
ഫലസ്തീൻ പതാകകൾ വഹിച്ചുകൊണ്ട്, ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. കുടുംബങ്ങൾ, ആക്ടിവിസ്റ്റുകൾ, വിദ്യാർഥികൾ, മത നേതാക്കൾ എന്നിവർ പങ്കെടുത്ത മാർച്ച് സമീപ മാസങ്ങളിലെ ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായിരുന്നു.
ഇസ്രായേലിന്‍റെ കുറ്റകൃത്യങ്ങൾക്കെതിരെ ലോകം വ്യക്തമായ നിലപാട് സ്വീകരിക്കുകയും ഫലസ്തീൻ ജനതയെ ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തെയും തള്ളിക്കളയുകയും വേണമെന്ന് ബ്രിട്ടനിലെ ഫലസ്തീൻ ഫോറത്തിന്‍റെ ചെയർമാൻ സഹെർ ബിരാവി പറഞ്ഞു. ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ട്. എത്ര രാഷ്ട്രീയ കുതന്ത്രങ്ങൾ പ്രയോഗിച്ചാലും അവരുടെ മാതൃരാജ്യത്തിന്മേലുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ലെന്നും സഹെർ പറഞ്ഞു.
ഫലസ്തീൻ ഫോറത്തെ പ്രതിനിധീകരിച്ച് സംസാരിച്ച ഫാരിസ് ആമെർ ഗസ്സയിലെ യുഎസ് ഇടപെടലിനെതിരെ ശക്തമായ സന്ദേശം നൽകി. ‘യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കരുതുന്നത് തനിക്ക് ഗസ്സയിലേക്ക് കടന്നുചെല്ലാമെന്നും അത് തന്‍റെ ജന്മാവകാശമായി കണക്കാക്കാമെന്നുമാണ്. 15 മാസമായി സയണിസ്റ്റുകൾ ഗസ്സ പിടിച്ചെടുക്കാൻ ശ്രമിച്ചു. 15 മാസക്കാലം അവർ ഫലസ്തീൻ മനോഭാവം തകർക്കാൻ ശ്രമിച്ചു, പക്ഷേ അവർ ദയനീയമായി പരാജയപ്പെട്ടു. ഡോണൾഡ് ട്രംപിനും അത് തന്നെ സംഭവിക്കും. ഗസ്സ ട്രംപിന്‍റേതല്ല, നെതന്യാഹുവിനും അവകാശപ്പെട്ടതല്ല. വാസ്തവത്തിൽ ഫലസ്തീന്‍റെ ഓരോ ഇഞ്ചും ഫലസ്തീനികളുടേതാണ്’ -ഫാരിസ് പറഞ്ഞു. ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കാൻ ജോർദാനിലും ഈജിപ്തിലും യുഎസ് ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങളെ റാലിയിലെ പ്രഭാഷകർ അപലപിച്ചു.
Adjust Story Font
16

