Quantcast

യുദ്ധം പുനരാരംഭിക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി; കരാർ നിലനിർത്താനായി തിരക്കിട്ട നീക്കങ്ങളുമായി മധ്യസ്ഥ രാജ്യങ്ങൾ

ശനിയാഴ്ച 6 ബന്ദിക​ളെ ഹമാസ്​ കൈമാറിയെങ്കിലും പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ തയാറായിട്ടില്ല

MediaOne Logo

Web Desk

  • Published:

    24 Feb 2025 6:32 AM IST

യുദ്ധം പുനരാരംഭിക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി; കരാർ നിലനിർത്താനായി തിരക്കിട്ട നീക്കങ്ങളുമായി മധ്യസ്ഥ രാജ്യങ്ങൾ
X

ഗസ്സ സിറ്റി: ഗസ്സയിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കെ വെടിനിർത്തൽ കരാർ നിലനിർത്താനായി മധ്യസ്ഥ രാജ്യങ്ങളുടെ തിരക്കിട്ട നീക്കം. യു.എസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് ബുധനാഴ്ച ഇസ്രായേലിലെത്തും. ബന്ധിമോചനത്തിന് പകരമായി ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാത്ത ഇസ്രായേൽ നടപടി കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് വ്യക്തമാക്കി. അതേസമയം, വെസ്റ്റ്ബാങ്ക് നഗരങ്ങളിൽ സ്ഥിരം സൈനിക സംവിധാനത്തിനാണ് ഇസ്രായേലിന്റെ നീക്കം.

ആദ്യഘട്ട വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ഗസ്സക്കു മേൽ എപ്പോൾ വേണമെങ്കിലും ആക്രമണം പുനരാരംഭിക്കുമെന്നാണ്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ താക്കീത്​. തുടർ ചർച്ചകളിലുള്ള സമ്മർദ തന്ത്രം കൂടിയാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ശനിയാഴ്ച 6 ബന്ദിക​ളെ ഹമാസ്​ കൈമാറിയെങ്കിലും പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ തയാറായിട്ടില്ല.

അപമാനകരമായ ബന്ദികൈമാറ്റ ചടങ്ങുകൾ അവസാനിപ്പിക്കമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ ബാധ്യതയിൽ നിന്ന്​ ഒഴിഞ്ഞു മാറാനുള്ള ഇസ്രായേൽ നീക്കം മാത്രമാണിതെന്ന്​ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത്​ അൽ റഷ്​ഖ്​ പറഞു. മുഴുവൻ ബന്ദികളെയും വിട്ടുകിട്ടും വരെ ഹമാസുമായുള്ള കരാർ തുടരണമെന്നാണ്​​​ ബന്ദികളുടെ ബന്ധുക്കളും പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡും വ്യക്തമാക്കുന്നത്​. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അമേരിക്കയുമായി തിരക്കിട്ട ആശയവിനിമയം തുടരുകയാണ്​. മുഴുവൻ ബന്ദികളുടെയും മോചനം ഉറപ്പാക്കാൻ രണ്ടും മൂന്നും ഘട്ടവെടിനിർത്തൽ കരാർ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയാണ്​ മധ്യസ്ഥ രാജ്യങ്ങൾ യു.എസ്​ നേതൃത്വത്തെ അറിയിച്ചത്​.

അമേരിക്കയുടെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ ബുധനാഴ്​ച ഇസ്രായേലിലെത്തും. വെസ്റ്റ്​ ബാങ്കിലെ ജെനിൻ, തുൽക്​റാം അഭയാർഥി ക്യാമ്പുകളിൽ ദീർഘകാലത്തേക്ക്​ വൻതോതിലുള്ള സൈനിക സാന്നിധ്യം ഉറപ്പാക്കാനുള്ള ഇസ്രായേൽ നീക്കം സാഘർഷം കൂടുതൽ രൂക്ഷമാക്കും. അതിനിടെ, മൂന്ന്​ പതിറ്റാണ്ട്​ ഹിസ്​ബുല്ലയെ നയിക്കുകയും അഞ്ച്​ മാസം മുമ്പ്​ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഹസൻ നസ്​റുല്ലയുടെ മൃതദേഹം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ദക്ഷിണ ലബനാനിൽ ഖബറടക്കി.

TAGS :

Next Story