'അടുത്തിരുന്ന് കേട്ടാൽ ചെവി തകർന്ന് ചോര പൊടിയും, ജെറ്റ് വിമാനത്തെയും വെല്ലുന്ന ശബ്ദം'; ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദത്തിന്‍റെ ഉടമ ഇതാ...
കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ജോസഫിന്‍റെ റെക്കോർഡ് പരിശോധന നടത്തിയത്

- Updated:
2026-06-26 15:39:28

ജീവിതകാലത്തെ നേട്ടങ്ങളുടെയും ചെയ്തുകൂട്ടിയ കാര്യങ്ങളുടെയും പേരിലായിരിക്കും അധികപേരും അവരുടെ കാലശേഷം ഓർമിക്കപ്പെടുക. എന്നാൽ, ഉച്ചത്തിലുള്ള സ്വന്തം ശബ്ദത്തിന്‍റെ പേരിൽ ലോകമൊന്നടങ്കം അറിയപ്പെടുകയും, ഒരുപക്ഷേ എക്കാലവും ഓർമിക്കപ്പെടുകയും ചെയ്തേക്കാമെന്ന ഖ്യാതി ആസ്ട്രേലിയക്കാരനായ ജോസഫ് മക്ഗ്രിൽ ബാറ്റെപ്പ് എന്നയാൾക്കുള്ളതാണ്. ലോകത്തിൽ വെച്ചേറ്റവും ഉച്ചത്തിലുള്ള ശബ്ദത്തിന്‍റെ ഉടമയെന്ന ഗിന്നസ് റെക്കോഡ് കഴിഞ്ഞ ദിവസമാണ് കാൻബറക്കാരനായ ജോസഫ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ജോസഫ് മക്ഗ്രിൽ ബാറ്റെപ്പ്
122.4 ഡെസിബെൽ ആണ് ജോസഫിന്‍റെ ശബ്ദത്തിന്റെ തീവ്രത. അടുത്തുനിന്ന് പറന്നുയരുന്ന ജെറ്റ് വിമാനത്തിന്റെയോ, ചെയിൻ സോയുടെയോ, ആംബുലൻസ് സൈറണിന്റെയോ ശബ്ദത്തിന് തുല്യമാണിതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മറ്റൊരാൾ സ്വന്തമാക്കിവെച്ചിരുന്ന റെക്കോർഡാണ് ഇദ്ദേഹം ഈയിടെ മറികടന്നത്. കാൻബെറയിലെ ഒരു റേഡിയോ സ്റ്റുഡിയോയിൽ വെച്ച് ഔദ്യോഗികമായി നടത്തിയ പരിശോധനയിലാണ് റെക്കോർഡ് നേട്ടം.
85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദങ്ങൾ തുടർച്ചയായി കേൾക്കുന്നത് സാധാരണ മനുഷ്യരുടെ കേൾവിശക്തിക്ക് തകരാറുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകാറുള്ളത്. 120 ഡെസിബെല്ലിന് മുകളിൽ ശബ്ദം ചെല്ലുമ്പോഴേക്കും കടുത്ത വേദന അനുഭവപ്പെടാൻ കാരണമാകുമ്പോഴും അധികം വൈകാതെ കേൾവിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തേക്കാം. അഥവാ, റെക്കോർഡ് നേട്ടമെന്നത് കൗതുകകരമെങ്കിലും അതീവ അപകടവുമാണെന്ന് ചുരുക്കം. നിരന്തരമായി അടുത്തിരുന്ന് കേൾക്കുന്നതിലൂടെ കർണപുടങ്ങൾ തകർന്ന് ചോര പൊടിയാനും കേൾവിശക്തിക്ക് ഭീഷണിയാകാനും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോസഫിന്‍റെ റെക്കോർഡ് പരിശോധന നടക്കുന്ന വേളയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ആസ്ട്രേലിയയിൽ എയർകണ്ടീഷണർ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ജോസഫ്, 2017 മുതൽ കാൻബെറയുടെ ഒഫീഷ്യൽ ടൗൺ ക്രയർ (വിളംബരം നടത്തുന്നയാൾ) കൂടിയാണ്. നേരത്തെ അമ്പെയ്ത്തിലും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം. ഏറ്റവും പുതിയ റെക്കോർഡിൽ ഏറെ അഭിമാനിക്കുന്നെന്നും തന്നെ മറ്റാരെങ്കിലും മറികടന്നാലും സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
