ഫലസ്തീൻ, ഗസ്സ, വംശഹത്യ പദങ്ങളടങ്ങിയ മെയിലുകൾ ബ്ലോക്ക് ചെയ്ത് മൈക്രോസോഫ്ട്
കമ്പനിക്കുള്ളിലെ 'രാഷ്ട്രീയ കേന്ദ്രീകൃത മെയിലുകൾ' കുറക്കുന്നതിന് ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് ദി വെർജ് മാസികയോട് സ്ഥിരീകരിച്ചു

വാഷിങ്ടൺ: 'ഗസ്സ, ഫലസ്തീൻ, വംശഹത്യ' പദങ്ങളടങ്ങിയ മെയിലുകൾ കമ്പനിക്കുള്ളിലോ പുറത്തോ അയക്കുന്നത് മൈക്രോസോഫ്റ്റ് തടഞ്ഞതായി ജീവനക്കാരെ ഉദ്ധരിച്ച് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലി വംശഹത്യയിൽ മൈക്രോസോഫ്റ്റിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ 'No Azure for Apartheid' ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ചുള്ള ആദ്യ വിവരങ്ങൾ വന്നത്.
'മൈക്രോസോഫ്റ്റ് ബിൽഡ് കീനോട്ട് പ്രസംഗത്തിനിടെ സത്യ നാദെല്ലയെ തടസ്സപ്പെടുത്തിയതിന് മൈക്രോസോഫ്റ്റ് ജോ ലോപ്പസിനെ പുറത്താക്കുകയും എല്ലാ കമ്പനി മെയിലുകളിലും 'ഗസ്സ, ഫലസ്തീൻ, വംശഹത്യ' തുടങ്ങിയ വാക്കുകൾ നിരോധിക്കുകയും ചെയ്തു.' ഗ്രൂപ്പിൽ വെളിപ്പെടുത്തി. മൈക്രോസോഫ്റ്റിന്റെ സെൻസർഷിപ്പ് സംസ്കാരത്തിന്റെ മറ്റൊരു അധ്യായം കൂടിയാണിതെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, കമ്പനിക്കുള്ളിലെ 'രാഷ്ട്രീയ കേന്ദ്രീകൃത മെയിലുകൾ' കുറക്കുന്നതിന് ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് ദി വെർജ് മാസികയോട് സ്ഥിരീകരിച്ചു. മെയ് 19ന് Azure ഹാർഡ്‌വെയർ സിസ്റ്റംസ് ടീമിലെ ഫേംവെയർ എഞ്ചിനീയറും ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'No Azure for Apartheid' അംഗവുമായ ജോ ലോപ്പസ് സിയാറ്റിലിൽ നടന്ന ബിൽഡ് 2025 കോൺഫറൻസിൽ സിഇഒ സത്യ നാദെല്ലയുടെ മുഖ്യ പ്രസംഗം തടസ്സപ്പെടുത്തിയിരുന്നു. 'ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരൻ എന്ന നിലയിൽ ഈ വംശഹത്യയിൽ പങ്കാളിയാകാൻ ഞാൻ വിസമ്മതിക്കുന്നു.' പരിപാടിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് ലോപ്പസ് പ്രഖ്യാപിച്ചു. ഇസ്രായേലുമായുള്ള കമ്പനിയുടെ ക്ലൗഡ് കരാറുകളിൽ പ്രതിഷേധിച്ച ഒരു മുൻ ഗൂഗിൾ ജീവനക്കാരനും അദ്ദേഹത്തോടൊപ്പം ചേർന്നു
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സേവനങ്ങൾ നൽകുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചിരുന്നു. എന്നാൽ ആളുകളെ ആക്രമിക്കാൻ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അവർ നിഷേധിച്ചു. മാർച്ച് 2 മുതൽ ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇത് ദുരിതാശ്വാസത്തെ മാത്രം ആശ്രയിക്കുന്ന 2.4 ദശലക്ഷം ഫലസ്തീനികളുടെ സ്ഥിതി കൂടുതൽ വഷളാക്കി.
Adjust Story Font
16

