ഇസ്രായേൽ എന്ന രാജ്യം പൂർണ്ണമായും വേരോടെ പിഴുതെറിയപ്പെടും; മുജ്തബ ഖാംനഈ
ഇസ്രായേലിന് കനത്ത പ്രഹരം നൽകാൻ ഇറാന് കഴിഞ്ഞുവെന്നും മുജ്തബ ഖാംനഈ

- Published:
26 May 2026 3:59 PM IST

തെഹ്റാൻ: വിശുദ്ധ ഹജ്ജ് കർമ്മത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിൽ ഇസ്രായേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. ഇസ്രായേൽ എന്ന രാജ്യം തീർച്ചയായും വേരോടെ പിഴുതെറിയപ്പെടേണ്ടതാണെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം ആണ് മുജ്തബ ഖാംനഈയുടെ പ്രസ്താവന പുറത്തുവിട്ടത്.
പശ്ചിമേഷ്യയിലെ ഏറ്റവും അപകടകരവും മാരകവുമായ ഒരു ക്യാന്‍സറാണ് ഇസ്രായേൽ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധങ്ങളിലൂടെ ഇസ്രായേലിന് കനത്ത പ്രഹരം നൽകാൻ ഇറാന് കഴിഞ്ഞുവെന്നും അത് അമേരിക്കയ്ക്കും ഏറ്റ കനത്ത തിരിച്ചടിയാണെന്നും ഖാംനഈ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ഹജ്ജ് സീസണിൽ അമേരിക്കയെയും ഇസ്രായേലിനെയും തള്ളിക്കളയാനുള്ള ആഹ്വാനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'അമേരിക്കയ്ക്ക് നാശം', 'ഇസ്രായേലിന് നാശം' എന്ന മുദ്രാവാക്യം ഇസ്‌ലാമിക സമൂഹത്തിന്റെ ഏറ്റവും പ്രബലമായ ശബ്ദമായി മാറുമെന്നും തന്റെ സന്ദേശത്തിൽ ഖാംനഈ വ്യക്തമാക്കി. സമാധാന നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇറാനെ ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരമോന്നത നേതാവിന്റെ സന്ദേശം വരുന്നത്. ഇന്ന് പുലർച്ചെയാണ് ഇറാനിലെ തെക്കൻ മേഖലകളിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ആത്മരക്ഷാർത്ഥമുള്ള നടപടിയാണ് നടന്നതെന്ന് ആക്രമണത്തെ ന്യായീകരിച്ച് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും കടലിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയുമാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് വിശദീകരിക്കുന്നത്. ബന്ദർ അബ്ബാസ് തുറമുഖ നഗരിയിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16
