'ഇറാന്റെ ഉള്ളിലും മൊസ്സാദ് താവളങ്ങൾ; ആക്രമണങ്ങൾക്ക് ഉപയോഗിച്ചു'
തെഹ്‌റാന്റെ തൊട്ടടുത്താണ് മൊസ്സാദ് ഏജന്റുമാർ ഡ്രോൺ താവളം സ്ഥാപിച്ചുവെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങളുടെ അവകാശവാദം

തെഹ്‌റാൻ: ഇറാനെതിരെ ഇസ്രായേൽ ഇന്നു പുലർച്ചെ നടത്തിയ ആക്രമണത്തിനായി ഇറാന്റെ മണ്ണിൽ സ്ഥാപിച്ച താവളങ്ങളും ഉപയോഗപ്പെടുത്തിയെന്നു റിപ്പോർട്ട്. ഇസ്രായേൽ ചാരസംഘടനയായ മൊസ്സാദ് വർഷങ്ങളെടുത്ത് ഇറാനിൽ രഹസ്യമായി സ്ഥാപിച്ച ഡ്രോൺ ബേസിൽ നിന്നാണ് ഇന്നു പുലർച്ചെ ആക്രമണം നടത്തിയ ആളില്ലാ വിമാനങ്ങൾ പറന്നുപൊങ്ങിയതെന്നും, നിരവധി ഇസ്രായേലി കമാൻഡോകൾ ഇറാനിലുണ്ടെന്നുമുള്ള സൈനിക വൃത്തങ്ങളുടെ അവകാശവാദം 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഉള്ളിൽ തന്നെ ഡ്രോൺ താവളം സ്ഥാപിക്കുക, മാരക പ്രഹരശേഷിയുള്ള ആയുധങ്ങളും കമാൻഡോകളെയും രാജ്യത്തേക്ക് കടത്തുക എന്നീ ലക്ഷ്യങ്ങളിൽ വർഷങ്ങളായി മൊസ്സാദും ഇസ്രായേൽ സൈന്യവും ചേർന്നു പ്രവർത്തിക്കുകയായിരുന്നുവെന്നും തെഹ്‌റാന്റെ തൊട്ടടുത്താണ് മൊസ്സാദ് ഏജന്റുമാർ ഡ്രോൺ താവളം സ്ഥാപിച്ചതെന്നു ഇസ്രായേൽ സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഇവിടേക്കുള്ള ഡ്രോണുകളും സ്‌ഫോടകവസ്തുക്കളും മറ്റ് ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം അതീവ രഹസ്യമായി മാസങ്ങളോളം എടുത്താണ് എത്തിച്ചത്. ഈ ഡ്രോണുകൾ ഇന്നു പുലർച്ചെ പ്രവർത്തന സജ്ജമാക്കുകയും ഇറാന്റെ ഭൂതല മിസൈൽ ലോഞ്ചറുകളെ ആക്രമിക്കുകയും ചെയ്തു. - റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പുറമെ മധ്യഇറാനിൽ വിമാനവേധ സംവിധാനങ്ങൾക്കു സമീപവും ഇസ്രായേൽ മിസൈൽ സ്ഥാപിച്ചുവെന്നും കൃത്യസമയത്ത് ആക്രമണം നടത്തിയെന്നും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. നൂതന ചിന്ത, ധൈര്യപൂർവമായ ആസൂത്രണം, അത്യാധുനിക സാങ്കേതിക വിദ്യകൾ, പ്രത്യേക സേനകൾ, ഇറാനിലെ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണുകൾ വെട്ടിച്ചുകൊണ്ടുള്ള ഇറാന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഏജന്റുമാർ എന്നിവയെ ആശ്രയിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16

