Quantcast

'മകനും ഭാര്യയും നിമിഷങ്ങൾക്കകം ഒഴുകിപ്പോയി'; നേപ്പാൾ പ്രളയത്തിന്റെ നടുക്കുന്ന അനുഭവം പങ്കിട്ട് രക്ഷപ്പെട്ടയാൾ

ഭോട്ടെ കോശി നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പാച്ചിലാണ് വ്യാപക നാശനഷ്ടത്തിന് കാരണമായത്

MediaOne Logo

Web Desk

  • Published:

    27 Aug 2026 4:18 PM IST

മകനും ഭാര്യയും നിമിഷങ്ങൾക്കകം ഒഴുകിപ്പോയി; നേപ്പാൾ പ്രളയത്തിന്റെ നടുക്കുന്ന അനുഭവം പങ്കിട്ട് രക്ഷപ്പെട്ടയാൾ
X

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ നൂറുകണക്കിന് പേരെ കാണാതായതോടെ രക്ഷാപ്രവർത്തനം ഊർജിതം. പ്രളയത്തിൽ കുറഞ്ഞത് 270 പേർ മരിച്ചതായാണ് റിപ്പോർട്ട്. റാസുവ, നുവാകോട്ട്, ധാദിങ് ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് പ്രളയത്തിൽ തകർന്നത്.

ഭോട്ടെ കോശി നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പാച്ചിലാണ് വ്യാപക നാശനഷ്ടത്തിന് കാരണമായത്. മുന്നറിയിപ്പില്ലാതെയാണ് വെള്ളം കുതിച്ചെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഭോട്ടെ കോശിയുടെ പോഷകനദിയായ ല്ഹെൻഡെയുടെ ഒഴുക്ക് ഹിമാനി തകർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടതും പിന്നീട് അണക്കെട്ടുപോലെ കെട്ടിനിന്ന വെള്ളം പെട്ടെന്ന് താഴേക്ക് ഒഴുകിയതുമാണ് പ്രളയത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

ടിബറ്റിനോട് ചേർന്ന റാസുവഗാഢിക്ക് സമീപമുള്ള തിമുരെയിലാണ് ആദ്യം വെള്ളപ്പാച്ചിൽ ആഞ്ഞടിച്ചത്. തുടർന്ന് മിനിറ്റുകൾക്കകം താഴേക്ക് കുതിച്ച വെള്ളം മൂന്ന് ജില്ലകളിലെ ജനവാസമേഖലകളെ വിഴുങ്ങുകയായിരുന്നു.

നുവാകോട്ടിലെ ത്രിശൂലി മാർക്കറ്റിൽ വസ്ത്രക്കട നടത്തിയിരുന്ന ഒരാൾ ദുരന്തത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ചു. രാവിലെ ഭരണകൂട ഉദ്യോഗസ്ഥർ എത്തി ടിബറ്റിന്റെ ഭാഗത്തുള്ള ഭോട്ടെ കോശി നദിയിലെ അണക്കെട്ട് തകർന്നെന്നും വലിയ തോതിൽ വെള്ളം എത്തുമെന്നും മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.

ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം ലഭിച്ചെങ്കിലും എല്ലാവർക്കും സമയത്ത് സുരക്ഷിത സ്ഥാനത്തെത്താനായില്ല. നിമിഷങ്ങൾക്കുള്ളിലാണ് വെള്ളം പലരെയും ഒഴുക്കിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ 18 വയസ്സുള്ള മകനെയും ഭാര്യയെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും രക്ഷപ്പെട്ടയാൾ പറഞ്ഞു.

അന്ന് പ്രദേശത്ത് മഴ പോലും ഉണ്ടായിരുന്നില്ലെന്നും ജനങ്ങൾ പതിവ് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് പെട്ടെന്ന് വലിയ ജലമതിൽ കുതിച്ചെത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

റാസുവയിലെ ചീഫ് കസ്റ്റംസ് ഓഫീസർ രാജേന്ദ്ര ധുങ്കാന പറഞ്ഞത്, ഭൂമി കുലുങ്ങുന്നതുപോലെ അനുഭവപ്പെട്ടതിനെ തുടർന്ന് പുറത്തേക്ക് ഓടിയെത്തിയപ്പോൾ പുകപടലം പോലുള്ള ഒന്നിന് പിന്നാലെ വൻ ജലമതിൽ താഴേക്ക് കുതിച്ചുവരുന്നത് കണ്ടെന്നാണ്. ഏകദേശം 100 മീറ്റർ ഉയരത്തിൽ തിരമാലപോലെ വെള്ളം ഉയർന്ന് തിമുരെ മാർക്കറ്റിനെ വിഴുങ്ങിയെന്നും നിമിഷങ്ങൾക്കകം മാർക്കറ്റ് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതോടെ ധുങ്കാന ഉൾപ്പെടെ നിരവധി പേർ സമീപത്തെ വനമേഖലയിലേക്ക് ഓടിരക്ഷപ്പെട്ടു. അതിർത്തിയിലെ കസ്റ്റംസ് ചെക്ക്‌പോസ്റ്റിൽ കാത്തുകിടന്നിരുന്ന 300ലേറെ വാഹനങ്ങളും ട്രക്കുകളും പ്രളയത്തിൽ ഒഴുകിപ്പോയി.

നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാലിന്റെ കണക്കനുസരിച്ച് കാണാതായവരിൽ 300ഓളം പേർ ഇന്ത്യക്കാരാണ്. കൂടുതലും മാനസരോവർ തീർഥാടകരാണെന്നാണ് വിവരം.

അതേസമയം, ചൈനയുടെ ഗിറോങ് കൗണ്ടിയിൽ കാണാതായവരുടെ എണ്ണം 558 ആയി ഉയർന്നതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും കണക്കുകളിൽ ഒരേ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് വ്യക്തമല്ല. ടിബറ്റിൽ കാണാതായവരിൽ 260 പേർ വിദേശ പൗരന്മാരാണെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. അവിടെ മരണസംഖ്യ തുടരുകയാണ്.

നേപ്പാളിലെ ദുരന്തത്തിന്റെ വ്യാപ്തി പുറത്തുവന്നതോടെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായം പ്രഖ്യാപിച്ചു. അമേരിക്ക 5 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് 14 ലക്ഷം ഡോളർ അടിയന്തര സഹായമായി അനുവദിച്ചു.

വീടുകൾ നഷ്ടപ്പെട്ടവരിലേക്കും പരുക്കേറ്റവരിലേക്കും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലേക്കും സഹായം എത്തിക്കുകയാണ് അടിയന്തര മുൻഗണനയെന്ന് സംഘടനയുടെ നേപ്പാൾ മേധാവി ഡേവിഡ് ഫിഷർ പറഞ്ഞു.

യൂറോപ്യൻ യൂണിയൻ രക്ഷാപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി കോപ്പർനിക്കസ് ഉപഗ്രഹ നിരീക്ഷണ സംവിധാനം സജീവമാക്കി. കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അറിയിച്ചു. ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കൽ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചു.

ഇന്ത്യയും ആദ്യഘട്ടമായി 10 ടൺ മാനുഷിക സഹായം നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.

TAGS :

Next Story