Quantcast

ഗസ്സ പുനർനിർമാണം: ട്രംപിന്റെ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് നെതന്യാഹു

ഹമാസ് ആയുധം വെച്ചൊഴിയാതെ ഇസ്രായേൽ പിന്മാറില്ല

MediaOne Logo
ഗസ്സ പുനർനിർമാണം: ട്രംപിന്റെ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് നെതന്യാഹു
X

തെൽഅവീവ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പുനർനിർമാണ പദ്ധതിയിലെ സമയക്രമത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സയുടെ പുനർനിർമാണത്തിലേക്ക് കടക്കുന്നതിന് മുൻപായി ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും പൂർണമായി ആയുധം വെച്ചൊഴിയുകയും ഗസ്സ സൈനികമുക്തമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. യുഎസ് നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസിൻ്റെ' ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാദെനോവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ട്രംപിന്റെ പുതിയ കരാറുമായി ബന്ധപ്പെട്ട് ചില വിയോജിപ്പുകൾ ഉണ്ടെന്നും അത് താൻ മറച്ചുവെക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയിലെ ആയുധങ്ങൾ പൂർണമായി നിർവീര്യമാക്കുന്നത് വരെ ഇസ്രായേൽ പ്രതിരോധ സേന 'യെല്ലോ ലൈനിന്' അപ്പുറത്തേക്ക് പിന്മാറില്ലെന്ന് ബോർഡ് ഓഫ് പീസും പ്രഖ്യാപിച്ചു. ഗസ്സയിൽ ഇസ്രായേൽ സേന നിലയുറപ്പിച്ചിരിക്കുന്ന സൈനിക അതിർത്തി രേഖയാണ് യെല്ലോ ലൈൻ.

പുറത്തുവന്ന ഗസ്സ സമാധാന കരാറിന്റെ രൂപരേഖ ഇസ്രായേലിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും, അമേരിക്കൻ പ്രതിനിധികളെ തങ്ങളുടെ ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് ഡോറോൺ സ്പീൽമാൻ പ്രതികരിച്ചു. ഹമാസ് പൂർണമായി ആയുധം വെച്ചൊഴിയാത്ത ഏത് നീക്കവും ഇസ്രായേലിന് വീണ്ടും ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ സർക്കാരിന്റെ തീവ്രവലതുപക്ഷ മന്ത്രിമാരും കരാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ അംഗീകരിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കരാറെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ആരോപിക്കുകയും പുതിയ വോട്ടെടുപ്പ് ഉടൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിൽ നിരവധി പോസിറ്റീവ് ഘടകങ്ങൾ ഉണ്ടെന്ന് ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പ്രതികരിച്ചു. ഹമാസ് പൂർണമായി നിരായുധീകരിക്കപ്പെടണം എന്ന വ്യക്തമായ വ്യവസ്ഥയോടെയാണ് അദ്ദേഹം ഇതിനെ പിന്തുണച്ചത്.

ഗസ്സയിലെ സായുധ നിയന്ത്രണം അവസാനിപ്പിച്ച് സുസ്ഥിരമായ ഒരു സിവിലിയൻ ഭരണത്തിലേക്ക് മാറുന്നതിനാണ് ഈ സമാധാന ശ്രമങ്ങൾ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സും അമേരിക്കയുടെയും ബോർഡ് ഓഫ് പീസിന്റെയും സംയുക്ത പ്രതിനിധികൾ അടങ്ങുന്ന ഇംപ്ലിമെന്റേഷൻ വെരിഫിക്കേഷൻ കമ്മിറ്റിയും പ്രവർത്തിക്കും.

അതേസമയം, സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മ്ലാദെനോവ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇരുവശത്തുനിന്നും കരാർ വ്യവസ്ഥകൾ കൃത്യമായി പാലിച്ചാൽ മാത്രമേ സമാധാന പ്രക്രിയ മുന്നോട്ട് പോവുകയുള്ളൂ എന്നും ബോർഡ് ഓഫ് പീസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story