Quantcast

'ഇറാനെ ആരും സഹായിക്കരുത്'; മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റൂബിയോയുടെ മുന്നറിയിപ്പ്

കിർഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി മോദിയും മസ്ഊദ്‌ പെസെഷ്‌കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

MediaOne Logo

റിഷാദ് അലി

  • Updated:

    2026-09-03 04:35:27

Published:

3 Sept 2026 10:04 AM IST

ഇറാനെ ആരും സഹായിക്കരുത്; മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റൂബിയോയുടെ മുന്നറിയിപ്പ്
X

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസ്ഊദ്‌ പെസഷ്‍കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.

സ്വന്തം വിദേശനയം പിന്തുടരാനുള്ള അവകാശം ഏത് രാജ്യത്തിനുണ്ടെങ്കിലും യുഎസ് ഉപരോധങ്ങൾ മറികടക്കാൻ തെഹ്റാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് റൂബിയോ മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്ത്യയും ഇറാനും തമ്മിൽ പുതിയ വ്യാപാര കരാറുകളിലേക്ക് കടക്കുകയാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി.

കിർഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി മോദിയും മസ്ഊദ്‌ പെസെഷ്‌കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി അമേരിക്ക രംഗത്തെത്തിയത്. ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് റൂബിയോ നിലപാട് വ്യക്തമാക്കിയത്.

"ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ പുതിയ വ്യാപാര കരാറുകളൊന്നും ഉള്ളതായി ഞാൻ കരുതുന്നില്ല. ഓരോ രാജ്യങ്ങൾക്കും സ്വതന്ത്രമായ വിദേശനയം നടപ്പിലാക്കാനും ഇറാനുമായി നയതന്ത്രബന്ധം പുലർത്താനും അവകാശമുണ്ട്. തടസ്സങ്ങൾക്കിടയിലും യുഎസ് പ്രതിനിധികൾ പോലും മുൻപ് ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാല്‍ യുഎസ് ഉപരോധങ്ങൾ മറികടക്കാൻ തെഹ്റാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകും''- റൂബിയോ പറഞ്ഞു.

ഉപരോധം മറികടക്കാൻ ഇറാന് സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പും റൂബിയോ നല്‍കി. "അമേരിക്കൻ ഉപരോധം മറികടക്കാനോ, ആണവായുധ നിർമാണത്തിന് വരുമാനം കണ്ടെത്താനോ ഇറാനെ ഒരു രാജ്യവും സഹായിക്കരുത്. ഏതെങ്കിലും രാജ്യങ്ങൾ അതിന് തയ്യാറായാൽ അവർക്കെതിരെയും യുഎസ് ഉപരോധം ഏർപ്പെടുത്തേണ്ടി വരും," റൂബിയോ വ്യക്തമാക്കി.

ബിഷ്‌കെക് ഉച്ചകോടിയിൽ മോദിയും പെസെഷ്‌കിയാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷവും ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും വ്യാപാര ബന്ധം വിപുലീകരിക്കുന്നു എന്ന രീതിയിൽ അന്താരാഷ്ട്ര തലത്തിൽ പ്രചരിച്ച റിപ്പോർട്ടുകളോടാണ് റൂബിയോ പ്രതികരിച്ചത്. ഇതെ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി ഇറാന് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story