Quantcast

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ

രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണെന്ന് കിം ജോങ് ഉൻ അവകാശപ്പെട്ടു

MediaOne Logo
അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ
X

സോൾ: അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾക്കായി വികസിപ്പിച്ച കരുത്തുറ്റ സോളിഡ് ഫ്യൂവൽ (ഖര ഇന്ധന) എഞ്ചിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഉത്തര കൊറിയ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണെന്ന് കിം ജോങ് ഉൻ അവകാശപ്പെട്ടു. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ തങ്ങളുടെ ആയുധശേഖരം ആധുനികവൽക്കരിക്കാനുള്ള കിമ്മിന്റെ നീക്കമായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്.

കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുതിയ എഞ്ചിന് 2,500 കിലോ ടൺ വരെ തള്ളൽ (Thrust) നൽകാൻ ശേഷിയുണ്ട്. സെപ്റ്റംബറിൽ നടത്തിയ പരീക്ഷണത്തിൽ ഇത് 1,971 കിലോ ടൺ ആയിരുന്നു. എഞ്ചിന്റെ കരുത്ത് വർധിപ്പിക്കുന്നതിലൂടെ ഒരേ മിസൈലിൽ ഒന്നിലധികം യുദ്ധമുനകൾ ഘടിപ്പിക്കാൻ സാധിക്കും. ഇത് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാൻ സഹായകരമാകും.

ദ്രാവക ഇന്ധന മിസൈലുകളെപ്പോലെ ഖര ഇന്ധന മിസൈലുകൾക്ക് വിക്ഷേപിക്കുന്നതിന് മുമ്പ് ഇന്ധനം നിറയ്‌ക്കേണ്ടതില്ല. അതിനാൽ ശത്രുരാജ്യങ്ങളുടെ റഡാറുകളിൽപെടാതെ പെട്ടെന്ന് വിക്ഷേപണം നടത്താൻ ഇവയ്ക്ക് സാധിക്കും.

ഇറാനെതിരായ യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക നടത്തുന്നത് ആഗോള ഭരണകൂട ഭീകരതയാണെന്ന് കിം ജോങ് ഉൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഉത്തര കൊറിയ ഒരു ആണവശക്തിയാണെന്ന പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2019-ൽ യുഎസ് പ്രസിഡന്റായിരുന്ന ഡോണാൾഡ് ട്രംപുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ആണവായുധ ശേഖരം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉത്തര കൊറിയ. ചർച്ചകൾക്ക് താൻ തയ്യാറാണെങ്കിലും, ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ മുൻകൂർ വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കിം.

ഭൗമാന്തരീക്ഷത്തിലേക്ക് മിസൈലുകൾ തിരിച്ചിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന കടുത്ത ചൂടിനെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യ ഉത്തര കൊറിയ പൂർണമായി കൈവരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വിദേശ വിദഗ്ധർക്കിടയിൽ ഇപ്പോഴും ഭിന്നാഭിപ്രായമുണ്ട്. എങ്കിലും വർഷങ്ങളായുള്ള അവരുടെ പരീക്ഷണങ്ങൾ യുഎസ് അടക്കമുള്ള രാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.

TAGS :

Next Story