Quantcast

ഇസ്രായേലിന്റെ ഉപാധികൾ പ്രകാരമുള്ള വെടിനിർത്തൽ മാത്രം സ്വീകാര്യം; ബിന്യമിൻ നെതന്യാഹു

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ

MediaOne Logo

Web Desk

  • Published:

    5 Sept 2025 7:55 AM IST

ഇസ്രായേലിന്റെ ഉപാധികൾ പ്രകാരമുള്ള വെടിനിർത്തൽ മാത്രം സ്വീകാര്യം; ബിന്യമിൻ നെതന്യാഹു
X

തെൽഅവീവ്: ഇസ്രായേലിന്റെ ഉപാധികൾ പ്രകാരമുള്ള വെടിനിർത്തൽ മാത്രമാണ് സ്വീകാര്യമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സ സിറ്റിയുടെ 40 ശതമാനം കീഴടക്കിയെന്നും കൂടുതൽ ശക്തമായ ആക്രമണം ഉടൻ നടക്കുമെന്നും ഇസ്രായേൽ സേന. നടുക്കം കൊള്ളിക്കുന്ന ആക്രമണമാണ് ഗസ്സ സിറ്റിയിൽ നടക്കുന്നതെന്ന് യുനിസെഫ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ.

ഇസ്രായേൽ സമർപ്പിക്കുന്ന ഉപാധികൾ അംഗീകരിക്കാതെ ഗസ്സയിൽ വെടിനിർത്തലിന് തയാറല്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സമഗ്ര വെടിനിർത്തൽ ഉണ്ടാവുകയാണെങ്കിൽ ബന്ദിമോചനവും ഗസ്സ ഭരണം ഒഴിയാനും സന്നദ്ധമാണെന്ന ഹമാസ് പ്രഖ്യാപനത്തോടുള്ള പ്രതികരണം എന്ന നിലക്കാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന.ഗസ്സ സിറ്റിയുടെ 40 ശതമാനം പിടിച്ചെടുത്തുവെന്നും ഇനിയുള്ള ആക്രമണം നിർണായകമാണെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.

ഇതിനായി പതിനായിരക്കണക്കിന് റിസർവ് സൈനികരെ ഒരുക്കി നിർത്തിയതായും സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ ഇന്നലെ മാത്രം 78 പേർ കൊല്ലപ്പെട്ടു. ഇവരിൽ 44 മരണവും ഗസ്സ സിറ്റിയിലാണ്. ഗസ്സ സിറ്റിയിലെ ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവർ 64,231 ആയി. ഭക്ഷണം തേടിയെത്തിയ 13 പേർക്കും വെടിവെപ്പിൽ ജീവൻ നഷ്ടമായി. ഗസ്സ സിറ്റിയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് യുനിസെഫ് അറിയിച്ചു. പതിനായിരങ്ങൾ ഗസ്സ സിറ്റിയിൽ മരണം കാത്തുകഴിയുന്ന അവസ്ഥയിലാണെന്നും യുനിസെഫ് വ്യക്തമാക്കി.

അതിനിടെ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ നൽകാൻ കൂടുതൽ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിരിക്കെ, ഇസ്രായേലിനു വേണ്ടി ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നു. ഇസ്രായേലിനെ പ്രകോപിപ്പിക്കുന്ന ഇത്തരം നടപടികൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം വെസ്റ്റ് ബാങ്കിനു മേൽ ഇസ്രായേൽ പരമാധികാരം സ്ഥാപിച്ചേക്കുമെന്നും മാർകോ റൂബിയോ പറഞു.

എന്നാൽ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാനുള്ള പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് ഫ്രാൻസും കനഡയും പ്രതികരിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലിയോ പതിനാലാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തുവിട്ട വാർത്ത കുറിപ്പിലാണ് പ്രതികരണം.

TAGS :

Next Story