Quantcast

'ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര ദുരന്തം': ഇറാനെതിരായ വെടിനിർത്തലിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷം

നെതന്യാഹുവിന്റെ അഹങ്കാരവും അശ്രദ്ധയും തന്ത്രപരമായ ആസൂത്രണമില്ലായ്മയും കാരണം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-08 11:01:21.0

Published:

8 April 2026 4:30 PM IST

ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര ദുരന്തം: ഇറാനെതിരായ വെടിനിർത്തലിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷം
X

നെതന്യാഹു-യായർ ലാപിഡ്‌

തെൽ അവീവ്: ഇറാനുമായുള്ള വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡ്. ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര ദുരന്തമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ലാപിഡ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ എടുത്തപ്പോൾ ഇസ്രായേൽ ചർച്ചാ മേശയിൽ പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രായേലിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ രാജ്യം പൂർണ്ണമായും തഴയപ്പെട്ടുവെന്ന് ലാപിഡ് ആരോപിച്ചു. പ്രധാനമന്ത്രി നെതന്യാഹു നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും തന്നെ വെടിനിർത്തലിലൂടെ നേടാനായില്ല. നയതന്ത്രപരമായും തന്ത്രപരമായും സർക്കാർ പരാജയപ്പെട്ടു. സൈന്യം ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം കൃത്യമായി നിർവ്വഹിച്ചെന്നും ജനങ്ങൾ അസാമാന്യമായ കരുത്ത് പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭരണകൂടത്തിന്റെ പരാജയം ഇവയെല്ലാം നിഷ്പ്രഭമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നെതന്യാഹുവിന്റെ അഹങ്കാരവും അശ്രദ്ധയും തന്ത്രപരമായ ആസൂത്രണമില്ലായ്മയും കാരണം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്ന് ലാപിഡ് മുന്നറിയിപ്പ് നൽകി. 'നമ്മുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്തരമൊരു നയതന്ത്ര ദുരന്തം ഉണ്ടായിട്ടില്ല. സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുത്തപ്പോൾ ഇസ്രായേൽ അവിടെ എവിടെയും ഉണ്ടായിരുന്നില്ല." യായർ ലാപിഡ് പറഞ്ഞു.

ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് വെടിനിർത്തൽ ഉണ്ടായതെങ്കിലും, ഇസ്രായേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന ലാപിഡിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

TAGS :

Next Story