Quantcast

ഗസ്സയിൽ നരഹത്യ തുടര്‍ന്ന് ഇസ്രായേൽ; ഇന്നലെ കൊല്ലപ്പെട്ടത് 92 പേര്‍, 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞു

ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ വൈകില്ലെന്ന്​ അമേരിക്കയുടെ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ് അറിയിച്ചു​

MediaOne Logo

Web Desk

  • Published:

    14 July 2025 7:54 AM IST

ഗസ്സയിൽ നരഹത്യ തുടര്‍ന്ന് ഇസ്രായേൽ; ഇന്നലെ കൊല്ലപ്പെട്ടത് 92 പേര്‍, 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞു
X

തെൽ അവിവ്: ഗസ്സയിൽ വ്യാപക ആക്രമണം തുടരുന്നതിനിടെയും ദോഹ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്​ അമേരിക്ക. കരാറുമായി മുന്നോട്ടു പോയാൽ മന്ത്രിസഭയിൽ നിന്ന്​ രാജിവയ്ക്കുമെന്ന്​ തീ​വ്ര വലതുപക്ഷ മന്ത്രിമാർ പ്രഖ്യാപിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 92 പേര്‍ കൊല്ലപ്പെട്ടു.

ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗസ്സയിൽ വെടിനിർത്തൽ വൈകില്ലെന്ന്​ അമേരിക്കയുടെ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ് അറിയിച്ചു​. മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്​മോട്രിക്​ എന്നിവരുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഇന്നലെ വിശദമായ ചർച്ച നടത്തി. യുദ്ധവിരാമവുമായി ബന്​ധപ്പെട്ട ഉറപ്പ്​ നൽകാതെ താൽക്കാലിക വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധമാകില്ലെന്ന്​ നെതന്യാഹു ഇവരെ അറിയിച്ചതായാണ്​ റിപ്പോർട്ട്​. കരാറിൽ ഒപ്പുവെച്ചാൽ മന്ത്രിസഭയിൽ നിന്ന്​ രാജി വെക്കുമെന്ന്​ ഇരു മന്ത്രിമാരും നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

എന്നാൽ സർക്കാറിനുള്ള പിന്തുണ ഇവർ പിൻവലിക്കാൻ ഇടയില്ലെന്ന പ്രതീക്ഷയിലാണ്​ നെതന്യാഹു. ഫലസ്തീൻ ജനതയുടെ ലക്ഷ്യവും അഭിലാഷവും മുൻനിർത്തിയുള്ള കരാറിന്​ മാത്രമേ വഴങ്ങൂ എന്ന്​ ഹമാസും ഇസ്‍ലാമിക്​ ജിഹാദും വ്യക്​തമാക്കി. തെൽ അവീവിൽ നെതന്യാഹുവിന്‍റെ ഓഫീസിനു മുമ്പാകെ ഉടൻ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ റാലി നടത്തി.

അതേസമയം ഗസ്സയിൽ വ്യാപക വ്യോമാക്രമണങ്ങളിലൂടെയും മറ്റുമായി 92 പേരെയാണ്​ ഇസ്രായേൽ സേന ഇന്നലെ വധിച്ചത്​. അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 150 വ്യോമാക്രമണങ്ങളാണ്​ ഗസ്സക്ക്​ നേരെ ഉണ്ടായത്​. മധ്യ ഗസ്സയിലെ അൽ നുസൈറാത്ത്​ അഭയാർഥി ക്യാമ്പുകൾക്ക്​ സമീപം കാനുകളിൽ വെള്ളം നിറയ്ക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. സാ​ങ്കേതിക തകരാർ മൂലം തങ്ങൾ അയച്ച മിസൈൽ ദിശമാറിയതാണ്​ കുട്ടികളും മറ്റും മരിക്കാൻ ഇടയാക്കിയതെന്നാണ്​ ഇസ്രായേൽ സേന നൽകുന്ന വിശദീകരണം. ഗസ്സയിൽ 21 മാസങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 58,000 കവിഞ്ഞ​ു. ഇവരിൽ പതിനായിരത്തിലേറെ കുഞ്ഞുങ്ങളും ഉൾപ്പെടും.

TAGS :

Next Story