കുളിമുറിയിൽ വീണതിനെതുടര്‍ന്നുണ്ടായ പരിക്ക് വില്ലനായി; പാക് മുൻ സൈനിക മേധാവി ജനറൽ ബജ്‌വ ഗുരുതരാവസ്ഥയിൽ
തലയ്ക്കേറ്റ ആഘാതം മൂലം തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടായതാണ് നില വഷളാക്കിയത്

ഇസ്‍ലാമാബാദ്: തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മുൻ കരസേനാ മേധാവി ഖമർ ജാവേദ് ബജ്‌വയുടെ ആരോഗ്യനില ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ . കഴിഞ്ഞ ഫെബ്രുവരിയിൽ കുളിമുറിയിൽ വീണതിനെ തുടര്‍ന്നാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്ന് പാകിസ്താൻ സായുധ സേനയുടെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.
തലയ്ക്കേറ്റ ആഘാതം മൂലം തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടായതാണ് നില വഷളാക്കിയത്. ഇത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.നിലവിൽ അദ്ദേഹം വെന്‍റിലേറ്റര്‍ സഹായത്തിലാണ് കഴിയുന്നതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഫെബ്രുവരി പകുതിയോടെ ബജ്‌വയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങളും സൂചന നൽകിയിരുന്നു.
എന്നാൽ തലച്ചോറിലെ രക്തസ്രാവം മൂലം മാര്‍ച്ചിൽ സ്ഥിതി വഷളാവുകയായിരുന്നു. ബജ്‍വ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകൾ പാക് സൈന്യമോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
2016 മുതൽ 2022 വരെ പാക് കരസേനാ മേധാവിയായിരുന്നു ബജ്‍വ.പാകിസ്താൻ രാഷ്ട്രീയത്തിലും ഭരണത്തിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.ഇമ്രാൻ ഖാൻ സർക്കാരിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നിൽ ജനറൽ ബജ്‌വയുടെ കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് അവാമി മുസ്‍ലിം ലീഗ് മേധാവി ശൈഖ് റഷീദ് അഹമ്മദ് മുൻപ് ആരോപിച്ചിരുന്നു.തന്‍റെ ഭരണകാലത്ത് ബജ്‌വയെ വിശ്വസിച്ചത് വലിയ തെറ്റായിപ്പോയെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബജ്‌വ ഗൂഢാലോചന നടത്തിയെന്ന ഇമ്രാൻ ഖാന്‍റെ പരാമർശങ്ങൾ 'ഡോൺ' പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16

