മകൾ ജനിച്ച് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടു; യഹ്‌യ സുബൈഹ്, ഫലസ്തീൻ ശബ്ദത്തെ ലോകത്തിലെത്തിച്ച മാധ്യമപ്രവർത്തകൻ
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 214 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

ഗസ്സ: ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിൽ മാധ്യമപ്രവർത്തകർ പ്രധാന ലക്ഷ്യമാണ്. ഗസ്സയിൽ നിന്നുള്ള ശബ്ദങ്ങൾ നിശബ്ദമാക്കാനും, സത്യം മൂടിവക്കാനും, സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചുള്ള ബോധപൂർവമായ നയം ഇസ്രായേൽ പിന്തുടരുന്നു. മെയ് 7ലെ ഗവൺമെന്റ് മീഡിയ ഓഫീസിൽ നിന്നുള്ള ഡാറ്റ പ്രകാരം 213 പത്രപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അൽ-റിമൽ പരിസരത്ത് കൊല്ലപ്പെട്ട പത്രപ്രവർത്തകനായ യഹ്‌യ സുബൈഹിന്റെ കൊലപാതകം സംഖ്യ 214 ആയി ഉയർത്തി.
ഫലസ്തീൻ പോസ്റ്റിന്റെ ലേഖകനായും വിവിധ പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുടെ എഡിറ്ററായും യഹ്‌യ സേവനമനുഷ്ഠിച്ചു. ഒഴിഞ്ഞുപോകാനുള്ള ഇസ്രായേലി ഉത്തരവുകൾ പാലിക്കാൻ വിസമ്മതിച്ച പത്രപ്രവർത്തകരിൽ യഹ്‌യയും ഉൾപ്പെടുന്നു. തന്റെ സഹോദരൻ യൂസഫിനൊപ്പം നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ രേഖപ്പെടുത്തുകയും തുറന്നുകാട്ടുകയും ചെയ്യുക എന്ന തന്റെ പത്രപ്രവർത്തന കടമ നിറവേറ്റുന്നതിനായി അദ്ദേഹം തന്റെ ജീവൻ പണയപ്പെടുത്തി.'യഹ്‌യ ഓടിപ്പോയില്ല. ദൃഢനിശ്ചയത്തോടെ തന്റെ സഹോദരനോടൊപ്പം ഇവിടെ താമസിച്ചു.' യഹ്‌യയുടെ ഉമ്മ പറഞ്ഞു.
മകൾ ജനിച്ച് മണിക്കൂറുകൾക്ക് ശേഷം യഹ്‌യ സുബൈഹ് കൊല്ലപ്പെട്ടതായി ഗസ്സയിലെ പത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. 'പെൺകുട്ടികൾക്ക് ഞാനും ആൺകുട്ടികൾക്ക് യഹ്‌യയും പേരിടുമെന്ന് യഹ്‌യ എനിക്ക് വാക്ക് തന്നിരുന്നു' യഹ്‌യയുടെ ഭാര്യ അമൽ പറഞ്ഞതായി ഫലസ്തീൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. 'ഞാൻ കുഞ്ഞിന് സന എന്ന പേര് തെരഞ്ഞെടുത്തപ്പോൾ അദ്ദേഹം അത് ഹൃദയത്തിൽ സൂക്ഷിച്ചു. ആരോടും വെളിപ്പെടുത്താതെ എന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാൻ സുരക്ഷിതമായി സുഖം പ്രാപിച്ചാൽ മാത്രമേ പ്രഖ്യാപിക്കൂ എന്ന് പറഞ്ഞു. പ്രണയത്തിൽ സൂക്ഷിച്ചിരുന്ന ഒരു രഹസ്യമാണ് ഇപ്പോൾ നിശബ്ദമായി അവശേഷിക്കുന്നത്.' അമൽ കൂട്ടിച്ചേർത്തു.
ആളുകൾ കൂട്ടമായി വരുന്ന ടെന്റുകൾ, മാർക്കറ്റ് സ്റ്റാളുകൾ എന്നിവയാൽ തിങ്ങിനിറഞ്ഞിരുന്ന തെരുവിൽ നടന്ന വ്യോമാക്രമണത്തിലാണ് യഹ്‌യ കൊല്ലപ്പെട്ടത്. യഹ്‌യയും സുഹൃത്തും സഹോദരിയുടെ ഭർത്താവുമായ റാമിയും തൽക്ഷണം മരണപെട്ടു. 'മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് അവനെ അഭിനന്ദിക്കാൻ മുത്തശ്ശി വിളിച്ചിരുന്നു. പക്ഷേ പെട്ടെന്ന് അവന്റെ ശബ്ദം നിശബ്ദമായി. അത് അവന്റെ അവസാനത്തെ വിളിയായിരുന്നെന് അവർ അറിഞ്ഞിരുന്നില്ല.' യഹ്‌യയുടെ ഉമ്മ പറഞ്ഞു. നിരവധി സംഘടനകൾ യഹ്‌യ സുബൈഹിന്റെ കൊലപാതകത്തെ അപലപിച്ചു.
Adjust Story Font
16