ഫലസ്തീൻ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇസ്രയേൽ കൈകടത്തൽ; സയണിസ്റ്റ് പാഠ്യപദ്ധതിക്ക് നീക്കം; പ്രതിഷേധവുമായി വിദ്യാർഥികൾ

280ഓളം ഫല്സ്തീനിയൻ സ്കൂളുകളാണ് ജെറുസലേമിൽ ഉള്ളത്. ഇവയിൽ 1,15,000ലേറെ കുട്ടികളാണ് കെ.ജി മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    19 Sep 2022 4:29 PM GMT

ഫലസ്തീൻ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇസ്രയേൽ കൈകടത്തൽ; സയണിസ്റ്റ് പാഠ്യപദ്ധതിക്ക് നീക്കം; പ്രതിഷേധവുമായി വിദ്യാർഥികൾ
X

ഫലസ്തീനിലെ അധിനിവിഷ്ട കിഴക്കൻ ജെറുസലേമിലെ സ്കൂളുകളിൽ തങ്ങളുടെ പാഠ്യപദ്ധതി കൊണ്ടുവരാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. ഫലസ്തീൻ പാഠപുസ്തകങ്ങൾ സെൻസർഷിപ്പിന് വിധേയമാക്കാനും പലതും ഒഴിവാക്കാനും ഇസ്രയേൽ പാഠ്യപദ്ധതി ക്ലാസ്മുറികളിൽ അവംലബിക്കാനുമാണ് ​ഗൂഢനീക്കം.

ഇതിനെതിരെ തിങ്കളാഴ്ച വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചതോടെ നൂറു കണക്കിന് സ്കൂളുകളാണ് അടഞ്ഞുകിടന്നത്. തുറന്ന സ്കൂളുകളുടെ ക്ലാസ് മുറികളെല്ലാം കാലിയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിനോട് അനുബന്ധിച്ചായിരുന്നു വിദ്യാർഥികളും സമരത്തിനിറങ്ങിയത്.

ഇസ്രായേൽ അടിച്ചേൽപ്പിച്ച പാഠപുസ്തകങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കാൻ പാടില്ലെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ, ഏകീകൃത രക്ഷാകർതൃ സമിതിയും ജറുസലേമിലെ പലസ്തീൻ ദേശീയ, ഇസ്‌ലാമിക്‌ ഫോഴ്‌സും സമ്പൂർണ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ഫലസ്തീൻ വിദ്യാഭ്യാസം സംരക്ഷിക്കാൻ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ ശ്രമങ്ങൾ വിജയിച്ചാൽ, ജറുസലേമിലെ ഞങ്ങളുടെ 90 ശതമാനം വിദ്യാർഥികളുടെയും വിദ്യാഭ്യാസത്തിന്മേൽ അവർക്ക് നിയന്ത്രണമുണ്ടാകുമെന്ന് രക്ഷാകർതൃ സമിതി യൂനിയൻ തലവൻ 56കാരനായ സിയാദ് അൽ ഷമാലി അൽ ജസീറയോട് പറഞ്ഞു. അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ തൂരിന്റെ സമീപപ്രദേശത്താണ് അൽ ഷമാലി താമസിക്കുന്നത്.

280ഓളം ഫല്സ്തീനിയൻ സ്കൂളുകളാണ് ജെറുസലേമിൽ ഉള്ളത്. ഇവയിൽ 1,15,000ലേറെ കുട്ടികളാണ് കെ.ജി മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്നത്. നിലവിൽ 90-95 ശതമാനം സ്കൂളുകളിലും പ്രതിഷേധം നടക്കുന്നുണ്ടെന്നും അദ്ദേ​ഹം വ്യക്തമാക്കി.

ഫലസ്തീൻ അതോറിറ്റി (പി‌എ) പാഠ്യപദ്ധതിയുടെ വികലമായ പതിപ്പ് ഈ വർഷത്തിന്റെ തുടക്കം മുതൽ സ്വകാര്യ ഫലസ്തീൻ സ്കൂളുകളിൽ അടിച്ചേൽപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി അൽ ഷമാലി പറഞ്ഞു. സ്വകാര്യ സ്‌കൂളുകൾക്ക് ലൈസൻസ് നൽകുന്നുവെന്നും അവർക്ക് ധനസഹായം നൽകുന്നുവെന്നുമുള്ള വ്യാജേനയാണ് അവർ ഇത് ചെയ്യുന്നത്.

നഗരത്തിലെ ഫലസ്തീനികൾക്കായി നിലവിലുള്ള മുനിസിപ്പാലിറ്റി നടത്തുന്ന സ്കൂളുകൾ പിഎ പാഠ്യപദ്ധതിയുടെ മാറ്റം വരുത്തിയ പതിപ്പ് പഠിപ്പിക്കാൻ തുടങ്ങി. മുനിസിപ്പാലിറ്റി നിർമിച്ച പുതിയ സ്കൂളുകൾ ഇസ്രായേലി പാഠ്യപദ്ധതി പഠിപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

വികലമായ ഫലസ്തീൻ പാഠ്യപദ്ധതികൾക്കും ഇസ്രയേലി പാഠ്യപദ്ധതികൾക്കും ഇടയിൽ കുട്ടികൾ അകപ്പെടുന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്ന കാര്യമെന്നും അൽ ഷമാലി പറഞ്ഞു. ഫലസ്തീനിയൻ വിദ്യാഭ്യാസത്തിൽ ശക്തമായ ഇസ്രയേൽവൽക്കരണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, "പൊതു പണിമുടക്ക് -ഫലസ്തീനിയൻ പാഠ്യപദ്ധതിക്ക്, വികലമായ പാഠ്യപദ്ധതിക്ക് വേണ്ട" എന്ന് എഴുതിയ പോസ്റ്ററുകൾ പ്രദേശത്തെ വിവിധയിടങ്ങളിൽ പതിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂലൈയിൽ, ഇസ്രായേൽ ഭരണകൂടത്തിനും സൈന്യത്തിനും എതിരെയാണ് പാഠപുസ്തകങ്ങളെന്ന് ആരോപിച്ച് ഇസ്രായേൽ അധികാരികൾ ജറുസലേമിലെ ആറ് ഫലസ്തീൻ സ്കൂളുകളുടെ സ്ഥിരം ലൈസൻസ് റദ്ദാക്കിയിരുന്നു.

1967ലാണ് ജറുസലേമിന്റെ കിഴക്കൻ പകുതി ഇസ്രായേൽ സൈനികമായി കൈവശപ്പെടുത്തുകയും നിയമവിരുദ്ധമായി കൂട്ടിച്ചേർക്കുകയും ചെയ്തത്. 3,50,000 ഫലസ്തീനികൾ നിലവിൽ അധിനിവേശ കിഴക്കൻ ജറുസലേമിൽ താമസിക്കുന്നു, കൂടാതെ 220,000 ഇസ്രായേലികളും അനധികൃത കുടിയേറ്റം നടത്തി താമസിക്കുന്നുണ്ട്.

ഇന്ന്, അധിനിവേശ കിഴക്കൻ ജറുസലേമിന്റെ 86 ശതമാനവും ഇസ്രായേൽ സർക്കാരിന്റെയും കുടിയേറ്റക്കാരുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

TAGS :

Next Story