Quantcast

പുതിയ മാര്‍പാപ്പ ആര്? പാപ്പൽ കോൺക്ലേവ് മേയ് 7ന്

ഇന്ന് ചേർന്ന കർദിനാളുമാരുടെ യോഗത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-04-28 12:09:30.0

Published:

28 April 2025 5:08 PM IST

pope francis
X

വത്തിക്കാൻ:പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കാന്‍ കർദ്ദിനാളുമാരുടെ ജനറൽ കോൺഗ്രിഗേഷന്‍ യോഗം തീരുമാനമെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ കർദ്ദിനാൾ കോളേജ് തുടരുന്നതിനിടെയാണ് വത്തിക്കാനിൽ നിർണായക യോഗത്തില്‍ തീയതി തീരുമാനിച്ചത്. ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിനാണ് മെയ് ഏഴിന് സിസ്റ്റൈന്‍ ചാപ്പലില്‍ തുടക്കമാകുക.

80 വയസിന് താഴെയുള്ള 138 കർദിനാൾമാരിൽ ഭൂരിഭാഗം പേരും ഇതിനകം റോമിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ ഈ ദിവസങ്ങളിൽ എത്തുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ കർദിനാളുമാർ ഒരുമിച്ച് ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചിരുന്നു. അതേസമയം, കോൺക്ലേവ് നടക്കേണ്ട വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മെയ് 7 ന് രാവിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദിനാൾമാർ മാര്‍പാപ്പ തെരഞ്ഞെടുപ്പിനുള്ള ദിവ്യബലി അർപ്പിക്കും. തുടര്‍ന്നു നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യ സ്വഭാവത്തോടെയായിരിക്കും.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ സമവായം ആയില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. ടെലിവിഷനിലും സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമാണത്. മാർപാപ്പ തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശം! ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോൾ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവിൽ ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. ലോകമെങ്ങും കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആശ്വാസവും ആഹ്ളാദവും പ്രതീക്ഷയും പകരുന്ന നിമിഷം. അവസാനവോട്ടെടുപ്പിലെ ബാലറ്റുകൾ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ കൂടി ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും

പാപ്പൽ കോൺക്ലേവ് എപ്പോൾ തുടങ്ങും?

സാധാരണഗതിയിൽ പോപ്പ് മരിച്ച് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് പാപ്പൽ കോൺക്ലേവ് നടക്കുക. 2013ൽ ബെനഡിക്ട് 16ാമൻ രാജിവെച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് കോൺക്ലേവ് തുടങ്ങിയത്. കർദിനാളുകൾക്കിടയിൽ ഐക്യമുണ്ടെങ്കിൽ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ആഴ്ചകളെടുത്തേക്കാം.

മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോൺക്ലേവിൽ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകൾക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കിൽ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേർ തമ്മിലാകും മത്സരം. 1271 ൽ ഗ്രിഗറി പത്താമൻ മാർപാപ്പയെ തെരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് കടുത്ത രാഷ്ട്രീയ തർക്കങ്ങൾ കാരണം ഏകദേശം മൂന്ന് വർഷമെടുത്തു.

TAGS :

Next Story