'നമ്മൾ ഒരാളെ ഇടിച്ചു': റൺവേയിൽ വിമാനം തട്ടി ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ പൈലറ്റുമാരുടെ ഓഡിയോ പുറത്ത്
ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനമാണ് ഒരാളെ ഇടിച്ചത്

ഡെൻവർ: ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ വിമാനം ഇടിച്ചു മരിച്ച സംഭവത്തിൽ പൈലറ്റുമാരുടെ റേഡിയോ സന്ദേശങ്ങൾ പുറത്തുവന്നു. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനമാണ് ഒരാളെ ഇടിച്ചത്. മെയ് ഒമ്പതിന് രാത്രി നടന്ന സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളും പൈലറ്റും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തങ്ങൾ ഒരാളെ ഇടിച്ചെന്നും വിമാനത്തിന്റെ എൻജിന് തീപിടിച്ചെന്നും പൈലറ്റ് അറിയിക്കുന്നതാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഏകദേശം 149 മൈൽ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇയാൾ വിമാനത്തിന് മുന്നിലേക്ക് ചാടിയത്. എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്താവളത്തിലെ സുരക്ഷാ വേലി ചാടിക്കടന്നാണ് ഇയാൾ റൺവേയിൽ എത്തിയത്. പൈലറ്റിന്റെ അടിയന്തര സന്ദേശത്തിന് പിന്നാലെ റൺവേയിൽ പരിശോധന നടത്തിയ ജീവനക്കാർ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നത് സ്ഥിരീകരിക്കുകയായിരുന്നു.
വിമാനത്തിനുള്ളിൽ സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ടതായി യാത്രക്കാർ വെളിപ്പെടുത്തി. എൻജിനിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. എൻജിൻ കത്തുന്നത് നേരിട്ട് കണ്ടതായും വലിയ വിറയൽ അനുഭവപ്പെട്ടതായും വിമാനത്തിലുണ്ടായിരുന്ന ജോൺ ആന്തൻസ് എന്ന യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തത്തിന് പിന്നാലെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തുകയായിരുന്നു.
സംഭവത്തിൽ മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടുത്ത സുരക്ഷാ വലയങ്ങൾ ഭേദിച്ച് ഒരാൾക്ക് എങ്ങനെ റൺവേയിൽ പ്രവേശിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും വിമാനത്താവള അധികൃതരും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് റൺവേ മണിക്കൂറുകളോളം അടച്ചിടുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു.
Adjust Story Font
16

