ലെബനാൻ സന്ദർശിച്ചപ്പോൾ എന്നെ സ്വീകരിച്ച മുസ്‌ലിം ബാലൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു; അവന്റെ ഫോട്ടോ ഞാൻ സൂക്ഷിച്ചിട്ടുണ്ട്: മാർപാപ്പ
ലോകത്തെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് പോപ്പ് ആഹ്വാനം ചെയ്തു

- Published:
24 April 2026 10:31 PM IST

റോം: ലെബനാൻ സന്ദർശനവേളയിൽ തന്നെ സ്വീകരിച്ച മുസ്‌ലിം ബാലനെ ഓർമിച്ച് പോപ്പ് ലിയോ പതിനാലാമൻ. ഒരു മുസ്‌ലിം ബാലൻ 'വെൽക്കം പോപ്പ് ലിയോ' എന്ന പ്ലക്കാർഡ് പിടിച്ച് എന്നെ സ്വീകരിക്കാൻ എത്തിയിരുന്നു. ഈയിടെ നടന്ന ആക്രമണത്തിൽ അവൻ കൊല്ലപ്പെട്ടു. അവന്റെ ഫോട്ടോ ഇപ്പോഴും ഞാൻ എന്റെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പോപ്പ് പറഞ്ഞു. 11 ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനം കഴിഞ്ഞ് റോമിൽ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് പോപ്പ് ആഹ്വാനം ചെയ്തു. ഇറാനിലെ രാഷ്ട്രീയ സാഹചര്യം, യുഎസ്-ഇറാൻ ചർച്ചകളിലെ സ്തംഭനാവസ്ഥ, കുടിയേറ്റം, സ്വവർഗാനുരാഗികൾക്ക് സഭയുടെ ആശീർവാദം നൽകുന്നതുമായി ബന്ധപ്പെട്ട ജർമൻ നീക്കം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പോപ്പ് തന്റെ നിലപാടുകൾ വ്യക്തമാക്കി.
കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ ഭരണാധികാരികളെ സന്ദർശിച്ചതിലൂടെ അവർക്ക് സഭ നിയമസാധുത നൽകുകയാണോ എന്ന ചോദ്യത്തിന് തന്റെ യാത്രകളുടെ പ്രാഥമിക ലക്ഷ്യം അവിടുത്തെ ജനങ്ങളെ സന്ദർശിക്കുക എന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തെ 184 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്ര ബന്ധമുണ്ടെന്നും ഇതിൽ പലതും ഏകാധിപത്യ ഭരണത്തിന് കീഴിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറംലോകം അറിയാത്ത ഒട്ടേറെ നയതന്ത്ര നീക്കങ്ങൾ സഭ അണിയറയിൽ നടത്തുന്നുണ്ടെന്നും രാഷ്ട്രീയ തടവുകാരുടെ മോചനം, പട്ടിണി, രോഗം തുടങ്ങിയ മാനുഷിക പ്രശ്‌നങ്ങളിൽ ഇടപെടാനാണ് ഈ ബന്ധങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Adjust Story Font
16
