Quantcast

പശ്ചിമേഷ്യന്‍ യുദ്ധം മാനവരാശിക്ക് അപമാനകരമെന്ന് മാര്‍പാപ്പ; അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം

നിസ്സഹായരായ മനുഷ്യർ യുദ്ധത്തിൽ പിടഞ്ഞുവീഴുന്നത് കണ്ടിട്ടും നിശബ്ദരായി തുടരാനാകില്ലെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ പറഞ്ഞു

MediaOne Logo
പശ്ചിമേഷ്യന്‍ യുദ്ധം മാനവരാശിക്ക് അപമാനകരമെന്ന് മാര്‍പാപ്പ; അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം
X

വത്തിക്കാന്‍ സിറ്റി: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തെ അപലപിച്ച് മാര്‍പാപ്പ. നിരവധി പേരുടെ ജീവനൊടുക്കുകയും സ്വസ്ഥ ജീവിതത്തിന് കോട്ടം വരുത്തുകയും ചെയ്ത പശ്ചിമേഷ്യന്‍ യുദ്ധം മനുഷ്യരാശിക്ക് അപമാനകരമെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലൂടെ നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുന്നതും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതുമായ വാര്‍ത്തകള്‍ പരിഭ്രമത്തോടെയാണ് നോക്കിക്കാണുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

'യുദ്ധസാഹചര്യം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കെ, നിസ്സഹായരായ സാധാരണക്കാരുടെ ജീവിതം കണ്മുന്നില്‍ കണ്ടിട്ടും നിശബ്ദരായി തുടരാന്‍ ഞങ്ങള്‍ക്കാകില്ല. യുദ്ധത്തിൽ അവർക്ക് സംഭവിക്കുന്ന മുറിവുകൾ മുഴുവൻ മനുഷ്യരുടേതുമാണ്'. മാര്‍പാപ്പ പ്രതികരിച്ചു.

'പ്രാര്‍ഥനയില്‍ ഉള്‍ക്കൊള്ളിക്കാനാവുന്നത് പോലെ ഞങ്ങളാലാവുന്നത് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലൂടെ സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ച് എത്രയും വേഗം സമാധാനം പുലരട്ടെ.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെയുണ്ടായ യുദ്ധം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ നേരത്തെ, ഇറാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും യുഎസിന്റെ നേതൃത്വത്തില്‍ സംയുക്ത ആക്രമണം തുടരുകയായിരുന്നു. ഇതിനോടകം ഇറാനില്‍ മാത്രമായി 1500-ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 18,000-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് അവരിലധികം. യഥാര്‍ഥ കണക്കുകള്‍ ഇതിലും കൂടുതല്‍ വരും.

അതേസമയം, 48 മണിക്കൂറിനകം ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാന്റെ ഏറ്റവും വലിയ പവര്‍ പ്ലാന്റില്‍ നിന്ന് തുടങ്ങി, വിവിധ വൈദ്യുത കേന്ദ്രങ്ങളെ ആക്രമിച്ച് നാമാവശേഷമാക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. എന്നാല്‍, ഹോര്‍മൂസ് പിടിച്ചെടുക്കാന്‍ യുഎസ് ശ്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ ഊര്‍ജകേന്ദ്രങ്ങളെ തങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS :

Next Story