'വെടിനിർത്തൽ കരാർ' ഇസ്രായേൽ പാലിക്കുമോ? ഇല്ലെന്ന് ചരിത്രം
വെടിനിർത്തൽ കരാറിൽ ഒരു പ്രതീക്ഷയുമില്ലെന്നും ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് മായ്ച്ചു കളയുക എന്ന ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും പുലിറ്റ്സർ ജേതാവ് ക്രിസ് ഹെഡ്ജസ്

ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകാനിരിക്കെ, കരാർ നിലവിൽ വന്നാലും ഫലസ്തീനികൾക്കു മേലുള്ള ഇസ്രായേൽ അതിക്രമത്തിന് അറുതിയുണ്ടായേക്കില്ലെന്ന് നിരീക്ഷണം. പുലിറ്റ്‌സർ പ്രൈസ് ജേതാവായ അമേരിക്കൻ മാധ്യമപ്രവർത്തകൻ ക്രിസ് ഹെഡ്ജസ് ആണ് ഇസ്രായേൽ കരാർ ലംഘിക്കുമെന്ന പ്രവചനം നടത്തുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് പിടിച്ചുകൊണ്ടുപോയ ബന്ദികളെ തിരിച്ചെത്തിക്കുക എന്ന ഇസ്രായേലിന്റെ ലക്ഷ്യം നിറവേറുക മാത്രമാണ് നിലവിലെ കരാറിലൂടെ സംഭവിക്കുകയെന്നും അറബ് രാജ്യങ്ങളുമായോ ഫലസ്തീനികളുമായോ ഉണ്ടാക്കിയ കരാറുകൾ ലംഘിച്ച ചരിത്രമാണ് ഇസ്രായേലിനുള്ളതെന്നും ഹെഡ്ജസ് മുന്നറിയിപ്പ് നൽകുന്നു. ന്യൂയോർക്ക് ടൈംസ്, ദി ക്രിസ്റ്റിയൻ സയൻസ് മോണിറ്റർ, ഡള്ളസ് മോണിങ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾക്കു വേണ്ടി യുദ്ധരംഗങ്ങളിൽ വർഷങ്ങളോളം പരിചയമുള്ള മാധ്യമപ്രവർത്തകനാണ് ഹെഡ്ജസ്.
ഗസ്സയിലെ കൂട്ടക്കൊല തുടരുന്നതിനു വേണ്ടിയാണ് ഇസ്രായേൽ മന്ത്രിസഭ കരാർ ഒപ്പുവെക്കുന്നത് വൈകിക്കുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81 ഫലസ്തീനികൾ കൊല്ലപ്പെട്ടത് ഇതിനു തെളിവാണെന്നും ഹെഡ്ജസ് ചൂണ്ടിക്കാട്ടുന്നു. കരാറിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെൻയമിൻ നെതന്യാഹു ആരോപിച്ചത് കരാർ നിലവിൽ വരുന്നത് വൈകിക്കാനാണ്. തങ്ങൾ പുതിയ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അമേരിക്കൻ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി തൽക്കാലത്തേക്ക് ബോംബിങ് നിർത്തുന്നു എന്നേ ഈ കരാറിന് അർത്ഥമുള്ളൂ... - സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച ലേഖനത്തിൽ ഹെഡ്ജസ് ചൂണ്ടിക്കാട്ടുന്നു.
കരാറിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. 42 ദിവസം നീളുന്ന ഒന്നാം ഘട്ടത്തിൽ സംഘർഷം നിർത്തിവെക്കുകയും 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യും. അഞ്ച് വനിതകളും 50 വയസ്സിനു മേൽ പ്രായമുള്ളവരും രോഗികളും ഇതിലുൾപ്പെടും. പകരമായി, ഇസ്രായേൽ ജയിലിലടച്ച ആയിരത്തോളം ഫലസ്തീനികളെ മോചിപ്പിക്കും. വെടിനിർത്തലിന്റെ ആദ്യദിനം തന്നെ ഇസ്രായേൽ ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കും. ഏഴാം ദിവസം, വീടുവിട്ടുപോയ ഫലസ്തീനികൾക്ക് തിരിച്ചെത്താൻ അനുവാദം നൽകും. സഹായവുമായെത്തുന്ന 600 ട്രക്കുകളെ ഇസ്രായേൽ ഗസ്സ സിറ്റിയിലേക്ക് കടത്തിവിടും.
വെടിനിർത്തലിന്റെ 16-ാം ദിവസം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ, അവശേഷിക്കുന്ന ബന്ദികളെക്കൂടി ഹമാസ് മോചിപ്പിക്കും. ഈ ഘട്ടത്തിൽ ഇസ്രായേൽ ഗസ്സയിൽ നിന്ന് പൂർണമായി പിൻവാങ്ങും. എട്ട് മൈൽ ദൈർഘ്യമുള്ള ഗസ്സ - ഈജിപ്ത് അതിർത്തിയിലെ ഫിലദെൽഫി കോറിഡോറിന്റെ ചില ഭാഗങ്ങളിൽ മാത്രമാവും ഇസ്രായേൽ സൈനിക സാന്നിധ്യം. ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രായേൽ ഉപേക്ഷിക്കും. മൂന്നാം ഘട്ടത്തിൽ യുദ്ധം പൂർണമായി നിർത്തുന്നതിനുള്ള ചർച്ചകൾ നടക്കും.
എന്നാൽ, നിലവിൽ വരുന്നതിനു മുമ്പുതന്നെ കരാർ പൊളിക്കാനുള്ള ശ്രമങ്ങൾ നെതന്യാഹുവിന്റെ ഓഫീസ് തുടങ്ങിക്കഴിഞ്ഞതായി ക്രിസ് ഹെഡ്ജസ് ആരോപിക്കുന്നു. ഫിലദെൽഫി കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായി പിൻവലിക്കണമെന്ന ഫലസ്തീനികളുടെ ആവശ്യം നിരാകരിക്കുന്നതാണ് ഈ നിലപാട്.
പൂർണമായ വെടിനിർത്തൽ ആണ് ഹമാസ് ആവശ്യപ്പെടുന്നതെങ്കിലും വീണ്ടും സൈനികനീക്കം നടത്താനുള്ള 'അവകാശം' തങ്ങൾക്കുണ്ടെന്നാണ് ഇസ്രായേൽ ഇപ്പോഴും പറയുന്നത്. ഗസ്സ ആര് ഭരിക്കും എന്ന കാര്യത്തിലും സമവായമായിട്ടില്ല. ഹമാസ് അധികാരത്തിൽ തുടരുന്നത് സ്വീകാര്യമല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച യു.എൻ ദുരിതാശ്വാസ ഏജൻസി ഉനർവയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഗസ്സയുടെ പുനർനിർമാണത്തെക്കുറിച്ചോ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെപ്പറ്റിയോ കരാറിൽ വ്യവസ്ഥകളില്ല - ഹെഡ്ജസ് പറയുന്നു.
1979-ൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സാദത്തുമായി ഇസ്രായേൽ ഒരു നിർണായക കരാർ ഒപ്പുവച്ചിരുന്നു. ഫലസ്തീൻ പ്രശ്‌നം ഈജിപ്തും ജോർദാനുമായി ചേർന്ന് പരഹരിക്കും, വെസ്റ്റ് ബാങ്കിനും ഗസ്സയ്ക്കും സ്വയംഭരണാവകാശം നൽകും, കിഴക്കൻ ജറൂസലം അടങ്ങുന്ന വെസ്റ്റ് ബാങ്കിൽ അനധികൃത നിർമാണം നടത്തില്ല എന്നിവയായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി മെനാച്ചിം ബെഗിൻ ഒപ്പുവച്ച കരാറിൽ ഉറപ്പു നൽകിയിരുന്നത്. എന്നാൽ, ഈ വ്യവസ്ഥകൾ ഇസ്രായേൽ പാലിച്ചില്ല.
1993-ലെ ഓസ്ലോ കരാറിൽ ഇസ്രായേലിന്റെ 'നിലനിൽപ്പിനുള്ള അവകാശം' യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) അംഗീകരിച്ചു. ഫലസ്തീൻ ജനതയുടെ നിയമാനുസൃത പ്രതിനിധികളായി പിഎൽഒയെ ഇസ്രായേലും അംഗീകരിച്ചു. എന്നാൽ, 1995-ൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു വേണ്ടി ഒപ്പുവച്ച രണ്ടാം ഓസ്ലോ കരാർ ഇസ്രായേൽ പാലിച്ചതേയില്ല. ഫലസ്തീൻ പ്രദേശങ്ങളുടെ ഭരണാവകാശം ഫലസ്തീൻ അതോറിറ്റിക്കു കൈമാറണം എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാൽ, വെസ്റ്റ് ബാങ്കിനെ എ, ബി, സി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ച ഇസ്രായേൽ എയുടെയും ബിയുടെയും ഭാഗിക നിയന്ത്രണം മാത്രമാണ് ഫലസ്തീൻ അതോറിറ്റിക്ക് നൽകിയത്. വെസ്റ്റ് ബാങ്കിന്റെ 60 ശതമാനത്തോളം വരുന്ന ഏരിയ സിയുടെ നിയന്ത്രണം പൂർണമായും ഇസ്രായേലിനാണ്.
ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഓസ്ലോ കരാർ പ്രകാരമുള്ള സൈനിക പിൻമാറ്റത്തിന് ഇസ്രായേൽ ഒരിക്കലും തയാറായില്ല. ഫലസ്തീൻ ഭൂമി പിടിച്ചെടുത്ത് കോളനികൾ സൃഷ്ടിക്കുന്ന ജൂതർക്ക് ഇസ്രായേൽ പിന്തുണ നൽകുകയും ചെയ്തു. ഓസ്ലോ കരാർ ഒപ്പുവെക്കുമ്പോൾ വെസ്റ്റ് ബാങ്കിൽ രണ്ടര ലക്ഷം ജൂത കോളനികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് ഏഴ് ലക്ഷത്തിലേറെയാണ്. ഓസ്ലോ കരാർ ഫലസ്തീനെ അടിയറ വെക്കലാണെന്ന് എഡ്വേഡ് സെയ്ദും, രാഷ്ട്രപദവി വ്യാജ പ്രതീക്ഷ നൽകി ഫലസ്തീനികളെ വഞ്ചിക്കുന്നതാണെന്ന് റോബർട്ട് ഫിസ്‌കും വ്യക്തമാക്കിയിരുന്നു.
രണ്ടാം ഓസ്ലോ കരാർ ഒപ്പുവച്ച ഇസ്രായേലി പ്രധാനമന്ത്രി യിത്സാക്ക് റബിൻ 1995 നവംബർ നാലിന് കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായ ഇതമാർ ബെൻ ഗ്വിർ, അന്ന് റാബിനു നേരെ വധഭീഷണി ഉയർത്തിയ ആളാണ്. തന്റെ ഭർത്താവിന്റെ മരണത്തിൽ നെതന്യാഹുവിനും പങ്കുണ്ടെന്ന് റാബിന്റെ വിധവ ആരോപിച്ചിട്ടുണ്ട്.
2008 ജൂണിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഹമാസുമായി ഒപ്പുവച്ച കരാറും ഇസ്രായേൽ ലംഘിക്കുകയാണുണ്ടായത്. ഗസ്സ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ ആറ് ഹമാസ് അംഗങ്ങളെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു അത്. ഹമാസിനെ പ്രകോപിപ്പിക്കാനുദ്ദേശിച്ചു കൊണ്ടുള്ള ഈ കരാർലംഘനം ഇസ്രായേൽ ഉദ്ദേശിച്ച രീതിയിൽ കലാശിക്കുകയും ചെയ്തു. കൊലപാതകത്തിനു മറുപടിയായി ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇത് മറയാക്കി ഗസ്സയിൽ വ്യോമാക്രമണവും കരയാക്രമണവും നടത്തിയ ഇസ്രായേൽ 1,000 ടൺ സ്‌ഫോടകവസ്തുക്കൾ പ്രയോഗിക്കുകയും 762 സിവിലിയന്മാരും 300 കുട്ടികളുമടക്കം 1,385 പേരെ കൊല്ലുകയും ചെയ്തു. നാല് ഇസ്രായേലികളും ഒമ്പത് സൈനികരും മാത്രമാണ് ഹമാസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 2012 നവംബറിൽ ഓപറേഷൻ പില്ലർ എന്ന പേരിലും 2014 ആഗസ്തിൽ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരിലും ഇസ്രായേൽ നടത്തിയ അതിക്രമങ്ങളിൽ 2,251 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ തിരിച്ചടിയിൽ 67 സൈനികരടക്കം 73 ഇസ്രായേലികളും കൊല്ലപ്പെട്ടു.
ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് മായ്ച്ചു കളയുക എന്ന ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും ഇപ്പോഴത്തെ വെടിനിർത്തലിൽ ഒരു പ്രതീക്ഷയുമില്ലെന്നും ക്രിസ് ഹെഡ്ജസ് പറയുന്നു. തൽക്കാലത്തേക്കെങ്കിലും കൂട്ടക്കൊല അവസാനിക്കാൻ നമുക്കു പ്രാർത്ഥിക്കാം എന്നു പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
Adjust Story Font
16

