ഫലസ്തീനിൽ അവശേഷിക്കുന്ന അവസാന ബന്ദിയുടെയും മൃതദേഹ കൈമാറ്റം നടന്നുകഴിഞ്ഞെന്ന് ഇസ്രായേൽ
ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം തിരികെ നല്‍കിയാല്‍ ഗസ്സയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ റഫ അതിര്‍ത്തി ഭാഗികമായി തുറന്നുകൊടുക്കാമെന്ന് ഇസ്രായേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

- Published:
26 Jan 2026 8:45 PM IST

ഗസ്സ സിറ്റി: ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹ കൈമാറ്റവും നടന്നതായി ഇസ്രായേല്‍ സൈന്യം. ഗസ്സയിലുണ്ടായിരുന്ന റാൻ ഗ്വിലിയുടെ മൃതദേഹമാണ് ഇന്ന് ഇസ്രായേൽ ഏറ്റുവാങ്ങിയത്. ഇതോടെ, ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒക്ടോബറില്‍ ആരംഭിച്ച വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിലേക്ക് വഴിതുറന്നിരിക്കുകയാണ്.
'ഫലസ്തീനില്‍ അവശേഷിക്കുകയായിരുന്ന അവസാന ഇസ്രായേല്‍ ബന്ദിയുടെ മൃതദേഹവും ഇസ്രായേല്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സഹകരണത്തോടെ ഏറ്റുവാങ്ങിയിരിക്കുകയാണ്. റാന്‍ ഗ്വിലിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം ഏറ്റെടുത്തിരിക്കുന്നു.' സൈനിക വക്താവ് അവിച്ചായ് അഡ്രായി പറഞ്ഞു.
'ഇതോട് കൂടെ ഗസ്സയില്‍ അവശേഷിച്ചിരുന്ന മുഴുവന്‍ ഇസ്രായേലി ബന്ദികളുടെയും മൃതദേഹം സ്വീകരിച്ചിരിക്കുകയാണ്'. അവിച്ചായ് സ്ഥിരീകരിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയിലൂടെ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഫലസ്തീനിലുള്ള മുഴുവന്‍ ഇസ്രായേല്‍ ബന്ദികളുടെയും മൃതദേഹങ്ങളെ കുറിച്ചുള്ള വിശദാംഷങ്ങള്‍ കൈമാറാമെന്ന് ഹമാസ് പ്രതിനിധികള്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ സ്ഥിരീകരണം.
നേരത്തെ, ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം തിരികെ നല്‍കിയാല്‍ ഗസ്സയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ റഫ അതിര്‍ത്തി ഭാഗികമായി തുറന്നുകൊടുക്കാമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് നേരിയ ഇളവ് വരുത്താനുള്ള തീരുമാനം കര്‍ശനമായ ഉപാധികളോടെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചത്.
Adjust Story Font
16
