ഇസ്രായേൽ വ്യോമപ്രതിരോധ രഹസ്യങ്ങൾ ഇറാന് ചോർത്തി; റിസർവ് സൈനികൻ ചാരവൃത്തിക്ക് പിടിയിൽ
അയൺ ഡോം സംവിധാനത്തിന്റെ പ്രവർത്തനരീതികൾ, വിന്യാസം തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങളാണ് ഇറാന് കൈമാറിയത്

- Published:
22 March 2026 9:30 AM IST

തെൽ അവീവ്: ഇസ്രായേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന്റെ അതീവ രഹസ്യങ്ങൾ ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് ചോർത്തി നൽകിയെന്നാരോപിച്ച് ഇസ്രായേൽ റിസർവ് സൈനികനെ അറസ്റ്റ് ചെയ്തു.
26 കാരനായ റോസ് കോഹനാണ് പിടിയിലായത്. ഇസ്രായേൽ പൊലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. മാസങ്ങളോളം ഇറാൻ ഏജന്റുമാരുമായി സമ്പർക്കം പുലർത്തുകയും അയൺ ഡോം സംവിധാനത്തിന്റെ പ്രവർത്തനരീതികൾ, വിന്യാസം തുടങ്ങിയ തന്ത്രപ്രധാന വിവരങ്ങൾ റോസ് കോഹന്‍ കൈമാറുകയും ചെയ്തുവെന്നാണ് ആരോപണം.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ചുമതലയുള്ള യൂണിറ്റിലാണ് കോഹൻ സേവനമനുഷ്ഠിച്ചിരുന്നത്. അതിനാൽ തന്നെ സിസ്റ്റത്തിന്റെ നിർണായക വിവരങ്ങൾ ഇയാൾക്ക് ലഭ്യമായിരുന്നു. രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുരക്ഷാ സംവിധാനത്തിന്റെ പഴുതുകൾ കണ്ടെത്താൻ ഇറാനെ സഹായിക്കുന്ന വിവരങ്ങളാണ് കോഹൻ കൈമാറിയതെന്നാണ് സംശയിക്കുന്നത്. വരും ദിവസങ്ങളിൽ കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഫെബ്രുവരി 28ന് ഇസ്രായേലും യുഎസും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ അയൺ ഡോം നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഹ്രസ്വദൂര റോക്കറ്റുകളെ തകർക്കാൻ അയൺ ഡോം, ഇടത്തരം ഭീഷണികൾക്ക് ഡേവിഡ്‌സ് സ്ലിംഗ്, ദീർഘദൂര മിസൈലുകൾക്ക് ആരോ മിസൈൽ സിസ്റ്റം എന്നിങ്ങനെ മൂന്ന് തലങ്ങളുള്ള സുരക്ഷാ വലയമാണ് ഇസ്രായേലിനുള്ളത്. ഇതില്‍ അയോണ്‍ ഡോം ഉള്‍പ്പെടെ സുരക്ഷാ വലയം തകര്‍ത്ത് ഇറാന്‍ മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചിരുന്നു.
Adjust Story Font
16
