Quantcast

'റോഡിൽ വീണ മാങ്ങ എടുത്താൽ 3.74 ലക്ഷം പിഴ!'; ഇന്ത്യക്കാരിയുടെ വിഡിയോ വൈറലാകുന്നു, അമ്പരന്ന് സോഷ്യൽ മീഡിയ

വീണുകിടക്കുന്ന മാമ്പഴം എടുക്കുന്നതിന് ഇത്രയും വലിയ പിഴ ഈടാക്കുന്നത് അമിതമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു

MediaOne Logo
റോഡിൽ വീണ മാങ്ങ എടുത്താൽ 3.74 ലക്ഷം പിഴ!; ഇന്ത്യക്കാരിയുടെ വിഡിയോ വൈറലാകുന്നു, അമ്പരന്ന് സോഷ്യൽ മീഡിയ
X

സിംഗപ്പൂര്‍: മാമ്പഴക്കാലമാണിത്, നാട്ടിലെവിടെ നോക്കിയാലും പറമ്പിലായാലും റോഡരികിലായാലും മാവുകൾ കായ്ച്ച് പഴുത്തു തുടുത്ത് നിൽക്കുകയാണ്. ചെറിയൊരു കാറ്റടിച്ചാൽ തന്നെ ധാരാളം മാമ്പഴങ്ങളും താഴെ വീഴുകയും ചെയ്യും. ഇതിൽ നല്ലത് നോക്കി പെറുക്കിയെടുത്ത് നമ്മളിൽ പലരും വീട്ടിൽ കൊണ്ടുപോകാറുമുണ്ട്. എന്നാൽ റോഡരികിൽ വീണ് കിടക്കുന്ന മാങ്ങയെടുത്താൽ ലക്ഷങ്ങൾ പിഴ കൊടുക്കേണ്ടി വന്നാലോ.. നമ്മുടെ നാട്ടിലല്ല, സിംഗപ്പൂരിലാണ് ഈ കർശനമായ നിയമം നിലവിലുള്ളത്. സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ യുവതി പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

സിംഗപ്പൂരിലെ കർശനമായ പൊതുസ്വത്ത് നിയമങ്ങളെക്കുറിച്ച് ഇന്ത്യൻ സ്വദേശിയായ പ്രിയങ്ക സിൻഹയാണ് എക്സിലൂടെ വിഡിയോ പങ്കുവെച്ചത്. സിംഗപ്പൂരിലെ പൊതുസ്ഥലത്ത് നിൽക്കുന്ന മരത്തിൽ നിന്ന് വീണ മാങ്ങ പെറുക്കിയാൽ പോലും ഏകദേശം 5,000 സിംഗപ്പൂർ ഡോളർ (ഏകദേശം 3.74 ലക്ഷം രൂപ) വരെ പിഴ ഈടാക്കാം എന്നാണ് പ്രിയങ്ക തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

നിലത്ത് വീണുകിടക്കുന്ന പഴങ്ങൾ എടുത്താൽപ്പോലും ശിക്ഷ ലഭിക്കുമെന്ന അറിവ് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുള്ള ഫലവൃക്ഷങ്ങൾ സർക്കാർ സ്വത്തായാണ് കണക്കാക്കപ്പെടുന്നതെന്നും, അതുകൊണ്ട് തന്നെ അധികൃതരുടെ അനുവാദമില്ലാതെ അവിടെനിന്ന് പഴങ്ങൾ പറിക്കാനോ ശേഖരിക്കാനോ അനുവാദമില്ലെന്നും പ്രിയങ്ക തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു

ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വഴിയോരങ്ങളിലെ ഫലവൃക്ഷങ്ങൾ നാട്ടുകാർക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യയിലെ സാഹചര്യവുമായി പലരും ഇതിനെ താരതമ്യം ചെയ്തു. ഇന്ത്യൻ നഗരങ്ങളിൽ ഇത്തരം ഒരു നിയമം നടപ്പിലാക്കുക അസാധ്യമാണെന്ന് തമാശ രൂപേണ അഭിപ്രായപ്പെട്ടു. അതേസമയം, സിംഗപ്പൂരിലെ കർശനമായ അച്ചടക്കത്തിന്റെയും പൊതുനിയമപാലനത്തിന്റെയും പ്രതിഫലനമാണ് ഇതെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

പൊതുസ്ഥലങ്ങളിലെ മരങ്ങളും അവയിലെ പഴങ്ങളും സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മിനിസ്ട്രി ഓഫ് നാഷണൽ ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മിക്കവാറും ഇത്തരം മരങ്ങൾ നിയന്ത്രിക്കുന്നത് എൻപാർക്ക്സ് ആണ്. പൊതുസ്ഥലങ്ങളിലെ മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കാനോ താഴെ വീണവ ശേഖരിക്കാനോ ആഗ്രഹിക്കുന്നവർ എൻപാർക്ക്സിനെ സമീപിച്ച് മുൻകൂർ അനുവാദം വാങ്ങേണ്ടതുണ്ട്.

അനുവാദമില്ലാതെ പൊതു പാർക്കുകളിൽ നിന്ന് പഴങ്ങൾ ശേഖരിക്കുന്നവർക്ക് 'പാർക്സ് ആൻഡ് ട്രീസ് ആക്ട്' പ്രകാരം 5,000 ഡോളർ വരെ പിഴ ലഭിക്കാം. എന്നാൽ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലോ നാഷണൽ പാർക്കുകളിലോ ആണ് ഈ നിയമലംഘനം നടത്തുന്നതെങ്കിൽ പിഴ 50,000 ഡോളർ വരെയാകാം. കൂടാതെ ആറ് മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.

വീണുകിടക്കുന്ന മാമ്പഴം എടുക്കുന്നതിന് ഇത്രയും വലിയ പിഴ ഈടാക്കുന്നത് അമിതമാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, സിംഗപ്പൂരിലെ കർശനമായ നിയമപാലനമാണ് അവിടുത്തെ പൊതുസ്ഥലങ്ങൾ സൂക്ഷിക്കാനും വൃത്തിയായി നിലനിർത്താൻ സഹായിക്കുന്നതെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.

ശുചിത്വം, പൊതുമുതൽ നശിപ്പിക്കൽ, മാലിന്യം വലിച്ചെറിയൽ എന്നിവയുമായി ബന്ധപ്പെട്ട സിംഗപ്പൂരിലെ കർശന നിയമങ്ങൾ ലോകപ്രശസ്തമാണ്. നഗരത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ രാജ്യങ്ങളിലൊന്നായി നിലനിർത്താൻ ഇത്തരം കടുത്ത പിഴകൾ സഹായിക്കുമെന്നാണ് അധികൃതരുടെ നിലപാട്.


TAGS :

Next Story