'ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഞങ്ങൾ സൂക്ഷിക്കാം': വാഗ്ദാനവുമായി വീണ്ടും റഷ്യ
ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യമായ റഷ്യ, ഇറാന്റെ ആണവ ഇന്ധനം തങ്ങളുടെ രാജ്യത്ത് സൂക്ഷിക്കാമെന്ന് നേരത്തെയും വാഗ്ദാനം ചെയ്തിരുന്നു.

- Published:
14 April 2026 9:47 AM IST

ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. ചിത്രം: റോയിട്ടേഴ്സ്
മോസ്കോ: അമേരിക്കയുമായി ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സമാധാന കരാറിന്റെ ഭാഗമായി, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് വീണ്ടും വ്യക്തമാക്കി റഷ്യ. തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധം ആയിരക്കണക്കിന് ജീവനുകൾ കവരുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനും യുഎസും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ നിർണ്ണായകമായ നീക്കം.
ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യമായ റഷ്യ, ഇറാന്റെ ആണവ ഇന്ധനം തങ്ങളുടെ രാജ്യത്ത് സൂക്ഷിക്കാമെന്ന് നേരത്തെയും വാഗ്ദാനം ചെയ്തിരുന്നു.
"പ്രസിഡന്റ് പുടിൻ അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും ഈ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല"- എഎഫ്പി വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി പെസ്കോവ് പറഞ്ഞു.
ഇറാന് നേരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിയേയും റഷ്യ രൂക്ഷമായി വിമർശിച്ചു. ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ റഷ്യയുടെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Adjust Story Font
16
