ഇറാന് ഗൾഫിലേയും ഇസ്രായേലിലേയും താവളങ്ങൾ സ്കെച്ചിട്ട് കൊടുത്തത് റഷ്യ
ഇരു രാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാർ വഴിയാണ് ഇവ നടപ്പാക്കിയത്

റിയാദ്: റഷ്യ ശക്തമായി കൂടെ നിന്നതാണ് ഇറാന് യുദ്ധത്തിൽ തന്ത്രപരമായ നേട്ടങ്ങൾക്ക് സഹായിച്ചതെന്ന് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെയും ഇസ്രായേലിലേയും തന്ത്രപ്രധാന കേന്ദ്രങ്ങൾ കൃത്യമായി നൽകിയതും റഷ്യയാണ്. ആക്രമണത്തിന് മുമ്പും ശേഷവും റഷ്യൻ സാറ്റലൈറ്റുകൾ ഇറാന്റെ മിസൈലുകൾ ലക്ഷ്യം കണ്ടെന്ന് ഉറപ്പാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാർ വഴിയാണ് ഇവ നടപ്പാക്കിയത്.
ഇസ്രായേലും അമേരിക്കയും ആക്രമണം ആരംഭിക്കുമ്പോൾ തന്നെ അതുല്യമായ രഹസ്യ സഹായം റഷ്യ ഇറാന് നൽകിയിരുന്നു. യുക്രെയ്നിയൻ ഇന്റലിജൻസ് റിപ്പോർട്ടാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുതുതായി സ്ഥിരീകരികരിക്കുന്നത്. റഷ്യൻ ഉപഗ്രഹങ്ങൾ യുദ്ധത്തിലുടനീളം ഇറാനു വേണ്ടി പ്രവർത്തിച്ചു. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ, എയർപോർട്ടുകൾ, എണ്ണപ്പാടങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ റഷ്യ ഇറാന് കൈമാറി.
46 പ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ വിശദമായ ചിത്രങ്ങൾ എടുത്ത് ഇറാനിന് കൈമാറിയതായാണ് റിപ്പോർട്ട്. മാർച്ച് 21 മുതൽ 31 വരെ മാത്രം 11 മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 24 സർവേ പൂർത്തിയാക്കി. ഈ ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചതിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സൈറ്റുകൾ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ലക്ഷ്യം വെച്ചു. ആക്രമണത്തിനു ശേഷം ഫലം വിലയിരുത്താൻ മറ്റൊരു റഷ്യൻ ഉപഗ്രഹം വീണ്ടും ഇതേ സ്ഥലത്ത് പാസ് ചെയ്തു. സൗദിയിലെ ഹഫർ അൽ ബാതിൻ, റിയാദിലെ അൽ ഖർജ്, എന്നിവയുടെ ഉദാഹരണ സഹിതമാണ് റിപ്പോർട്ട്. എയർ ഡിഫൻസ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്ന ഭാഗങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ അഞ്ച് തവണയാണ് സർവേ ചെയ്തത്.
തുർക്കി, ജോർദാൻ, കുവൈറ്റ്, യുഎഇ, ഇസ്രായേൽ, ഖത്തർ, ഇറാഖ്, ബഹറൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളും ഡീഗോ ഗാർഷ്യ നേവൽ ബേസും റഷ്യ സൂക്ഷ്മമായി നിരീക്ഷിച്ചു. ഹോർമുസ് കടലിടുക്കിലെ ഷിപ്പിങ് റൂട്ടുകളും റഷ്യൻ ഉപഗ്രഹങ്ങൾ തുടർച്ചയായി സർവേ ചെയ്തു. ഇതെല്ലാം യുദ്ധത്തിൽ തന്ത്രപ്രധാന ആക്രമണത്തിന് ഇറാന് വഴിയൊരുക്കി. സൈബർ മേഖലയിലും ഹാക്കർമാർ വഴി റഷ്യ ഇറാനെ സഹായിച്ചു. 2025 ജനുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പുവച്ച കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്നർഷിപ്പ് ട്രീറ്റിയിലെ ആർട്ടിക്കിൾ നാല് ഇതിന് സഹായകരമായി. ഇതു പ്രകാരം ഇരു രാജ്യങ്ങളുടെയും ഇന്റലിജൻസ്-സുരക്ഷാ സേവനങ്ങൾ വിവരങ്ങൾ പങ്കിട്ടുകൊണ്ടിരിക്കുന്നു. ഈ സഹകരണം ഇറാനിന് യുദ്ധത്തിൽ വലിയ തന്ത്രപരമായ നേട്ടമാണ് നൽകിയത്.
Adjust Story Font
16

