Quantcast

പുതിയ മിസൈലുകൾ പരീക്ഷിച്ച് റഷ്യ; ആണവായുധ പരീക്ഷണം ആരംഭിക്കാൻ ഉത്തരവിട്ട് ട്രംപ്

രണ്ട് ദിവസം മുമ്പ് റഷ്യ ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    30 Oct 2025 8:30 AM IST

പുതിയ മിസൈലുകൾ പരീക്ഷിച്ച് റഷ്യ; ആണവായുധ പരീക്ഷണം ആരംഭിക്കാൻ ഉത്തരവിട്ട് ട്രംപ്
X

 ഡൊണാൾഡ് ട്രംപ്, വ്ലാഡിമിർ പുടിൻ | Photo: CNN

വാഷിംഗ്‌ടൺ: അമേരിക്കയോട് ഉടൻ ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികൾക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ്. യുഎസ് 'നിശ്ചലമായി' നിൽക്കുമ്പോൾ ഇരു രാജ്യങ്ങളും അവരുടെ ആണവശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

'മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ട്. നിലവിലുള്ള ആയുധങ്ങളുടെ പൂർണമായ നവീകരണം ഉൾപ്പെടെ എന്റെ ആദ്യ ടേമിൽ സാധ്യമായി.' ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് എഴുതി. രണ്ട് ദിവസം മുമ്പ് റഷ്യ ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഏത് പ്രതിരോധ കവചത്തെയും തുളച്ചുകയറാൻ കഴിയുന്ന ആയുധമാണ് ഇതെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അവകാശപ്പെട്ടു.

വർധിച്ചുവരുന്ന ആണവ മത്സരം നടക്കുന്നതിനിടയിലാണ് അമേരിക്കയുടെ പ്രഖ്യാപനം. റഷ്യ അടുത്തിടെ പ്രധാന ആയുധ നിയന്ത്രണ കരാറുകളിൽ നിന്ന് പിന്മാറുകയും അവരുടെ നൂതന ആണവ ശേഷികൾ പ്രദർശിപ്പിക്കുകയും ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അതേസമയം, ചൈന സ്വന്തം ആയുധ നവീകരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ചൈനയ്ക്ക് ആണവശേഷിയിൽ യുഎസിനും റഷ്യയ്ക്കും തുല്യത കൈവരിക്കാൻ കഴിയുമെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകൾ മുന്നറിയിപ്പ് നൽകുന്നു.

ദക്ഷിണ കൊറിയയിലെ ബുസാനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം. പെന്റഗൺ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും സാധ്യതയുള്ള പരീക്ഷണ സ്ഥലങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് പ്രതിരോധ ഉദ്യോഗസ്ഥർ ഈ ആഴ്ച അവസാനം മാധ്യമങ്ങളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

TAGS :

Next Story