യുക്രൈനില്‍ ആക്രമണം നടത്തി റഷ്യ; സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി
ചർച്ചകൾ തടസപ്പെടുത്താനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍

- Published:
25 Jan 2026 8:50 AM IST

കീവ്: യുഎസിന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകൾക്കിടെ യുക്രൈനില്‍ വൻ ആക്രമണം നടത്തി റഷ്യ. യുക്രൈനിന്റെ ഊർജ്ജ സംവിധാനത്തിന് നേരെയാണ് റഷ്യയുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെ കീവിലുടനീളം സ്ഫോടനങ്ങളുണ്ടായി. ഇതോടെ 12 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു. കൊടുംതണുപ്പായതിനാല്‍ ഹീറ്റിങ് സംവിധാനത്തെ കാര്യമായിട്ട് തന്നെ ബാധിക്കുകയും ചെയ്തു.
തലസ്ഥാനത്ത് ചൂടു പകരുന്ന സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി 160ലധികം എമർജൻസി സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രി ഒലെക്സി കുലേബ പറഞ്ഞു. വൈദ്യുതി തടസമുണ്ടായ പടിഞ്ഞാറൻ, തെക്കൻ യുക്രൈനിലെ മറ്റ് പ്രദേശങ്ങളിലും ഇത്തരത്തിൽ ജോലികൾ നടക്കുന്നുണ്ട്. കീവിലെയും തലസ്ഥാനത്തിന് വടക്കുള്ള ചെർണിഹീവ് (Chernihiv) മേഖലയിലെ വീടുകളിലും ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ചർച്ചകൾ തടസപ്പെടുത്താനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയിൻ കുറ്റപ്പെടുത്തി.
അബുദാബിയിൽ വച്ച് നടന്ന ആദ്യ ദിവസത്തെ ചർച്ചകൾക്കിടെയാണ് റഷ്യ യുക്രൈന്‍ തലസ്ഥാനമായ കീവിൽ വ്യോമാക്രമണം നടത്തിയത്. അതേസമയം രണ്ടു ദിവസം നീണ്ട ത്രികക്ഷി ഉന്നതതല ചർച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അത്ത ആഴ്ച യുഎഇയിൽ വീണ്ടും ചർച്ചയില്‍ നടത്താമെന്ന് ധാരണയായി. യുക്രൈനില്‍ നിന്ന് തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകില്ലെന്ന് ഉറച്ചുനിൽക്കുകയാണ് റഷ്യ. റഷ്യ ആദ്യമായിട്ടാണ് യുക്രൈന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായത്.
Adjust Story Font
16
