Quantcast

സമാധാന ശ്രമങ്ങൾ ഒരു ഭാഗത്ത്: യുക്രൈനിൽ ട്രെയിൻ തകർത്ത് റഷ്യ

വടക്കുകിഴക്കൻ ഖാർക്കീവ് മേഖലയിൽ ഏകദേശം 200 യാത്രക്കാരുമായി പോയ ട്രെയിനിന്റെ ബോഗിയിൽ ഡ്രോൺ പതിക്കുകയായിരുന്നു.

MediaOne Logo
സമാധാന ശ്രമങ്ങൾ ഒരു ഭാഗത്ത്:  യുക്രൈനിൽ ട്രെയിൻ തകർത്ത് റഷ്യ
X

കീവ്: സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ യുക്രൈനെ വിടാതെ റഷ്യ. കിഴക്കൻ യുക്രൈനിലെ ഹർകീവിൽ ട്രെയിനിന് നേരെയും ഊർജ സംവിധാനങ്ങള്‍ക്ക് നേരെയും നടന്ന റഷ്യയുടെ ഡ്രോണാക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു.

വടക്കുകിഴക്കൻ ഖാർക്കീവ് മേഖലയിൽ ഏകദേശം 200 യാത്രക്കാരുമായി പോയ ട്രെയിനിന്റെ ബോഗിയിൽ ഡ്രോൺ പതിക്കുകയായിരുന്നു. കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ ഉപപ്രധാനമന്ത്രി യുലിയ സ്വിരിഡെങ്കോ വ്യക്തമാക്കിയത്. ട്രെയിൻ ബോഗിക്കുള്ളിൽ സാധാരണക്കാരെ കൊല്ലുന്നതിന് സൈനികപരമായ ഒരു ന്യായീകരണവുമില്ലെന്ന് പ്രസിഡന്റ് വ്ളോഡിമര്‍ സെലെൻസ്‌കി പറഞ്ഞു.

കത്തിയമർന്ന ട്രെയിൻ ബോഗിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം തെക്കൻ നഗരമായ ഒഡേസയിൽ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാര്‍ത്തകളുണ്ട്. 50ലധികം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ വ്യക്തമാക്കുവന്നത്. യുക്രൈന്റെ കയറ്റുമതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന കരിങ്കടൽ തീരത്തെ നഗരമാണിത്.

പരിക്കേറ്റവരിൽ ഗര്‍ഭിണിയും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക ഗവർണർ ഒലെഗ് കിപ്പർ വ്യക്തമാക്കി. ഇവിടെ തകർന്നുവീണ ഒരു പാർപ്പിട സമുച്ചയത്തിന്റെ മുൻഭാഗവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടത്തുന്നവര്‍ക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകരെയും നേരിട്ട് കണ്ടുവെന്ന് എഎഫ്പി റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. യുഎഇയില്‍ യുഎസ് മധ്യസ്ഥതയിലാണ് സമാധന ചര്‍ച്ചകള്‍ നടക്കുന്നത്. ഫെബ്രുവരി ആദ്യത്തില്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കും.

ആദ്യഘട്ട ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ ഊർജ്ജ നിലയങ്ങളെ റഷ്യ ലക്ഷ്യമിട്ടിരുന്നു. കൊടും തണുപ്പിലും ലക്ഷക്കണക്കിന് ആളുകളെ വൈദ്യുതിയില്ലാതെ ദുരിതത്തിലാക്കുന്നതായിരുന്നു ഈ ആക്രമണങ്ങൾ.

TAGS :

Next Story