Quantcast

'ഇനി കാന്‍സറിനെയും നമ്മള്‍ അതിജീവിക്കും'; റഷ്യ വികസിപ്പിച്ച വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം വിജയം

വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ മതിയെന്നും റിപ്പോര്‍ട്ടുകള്‍

MediaOne Logo

Web Desk

  • Updated:

    2025-09-08 09:03:37.0

Published:

8 Sept 2025 2:27 PM IST

ഇനി കാന്‍സറിനെയും നമ്മള്‍ അതിജീവിക്കും; റഷ്യ വികസിപ്പിച്ച വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം വിജയം
X

മോസ്കോ: കാന്‍സറുമായി പൊരുതുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷയുമായി റഷ്യ. റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ 'എന്ററോമിക്സ്' പരീക്ഷണങ്ങളില്‍ വിജയിച്ചുവെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിച്ചതായി പ്രഖ്യാപിച്ചു.

രോഗികള്‍ക്ക് ട്യൂമര്‍ ചുരുങ്ങല്‍ അനുഭവപ്പെട്ടുവെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റഷ്യ പ്രഖ്യാപിച്ചു. വലിയ മുഴകളെ ചുരുക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.

ഇനി വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ മതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് -19 വാക്സിനുകളില്‍ ഉപയോഗിക്കുന്നതുപോലെയുളള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് എന്ററോമിക്സ് വികസിപ്പിച്ചെടുത്തത്.

കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചുകൊണ്ടാണ് ഈ വാക്സിന്‍ പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയുമായി സഹകരിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജി സെന്റര്‍ ആണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച് എന്ററോമിക്സ് വാക്സിന് കാന്‍സര്‍ മുഴകളെ ആക്രമിച്ച് നശിപ്പിക്കാന്‍ നാല് നിരുപദ്രവകരമായ വൈറസുകളാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

കാന്‍സര്‍ വളര്‍ച്ച മന്ദഗതിയിലാക്കാനും ചില സന്ദര്‍ഭങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി നശിപ്പിക്കാനും ഇത് ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.റെഗുലേറ്ററി ക്ലിയറന്‍സ് ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആദ്യത്തെ പേഴ്‌സണലൈസ്ഡ് mRNA കാന്‍സര്‍ വാക്‌സിന്‍ ആയിരിക്കും ഇത്.

ലോകമെമ്പാടും നിരവധിയാളുകളാണ് കാന്‍സര്‍ രോഗത്തോട് പൊരുതുന്നത്. അതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് മെഡിക്കല്‍ രംഗം ഈ വാര്‍ത്തയെ സ്വാഗതം ചെയ്യുന്നത്.

TAGS :

Next Story