ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം, പരോള്‍ ലഭിക്കില്ല
2024ൽ ഫ്‌ളോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു വിധി പ്രഖ്യാപനം

- Updated:
2026-02-05 07:59:49.0

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റയാന്‍ റൂത്തിന് ജീവപര്യന്തം തടവുശിക്ഷ. പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്.
2024ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു വിധിപ്രഖ്യാപനം. 59കാരനായ പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. റയാൻ റൂത്ത് കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാൾ കോടതി മുറിയിൽവച്ച് സ്വയം കുത്തി പരുക്കേൽപ്പിക്കാനും ശ്രമം നടത്തിയിരുന്നു.
2024 സെപ്തംബര്‍ 15ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിലാണ് വധശ്രമം നടന്നത്. പെൻസിൽവേനിയയിലെ റാലിക്കിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു സംഭവം. അന്നത്തെ ആക്രമണത്തിൽ തോക്കുധാരിയുടെ വെടിയുണ്ട ട്രംപിന്റെ ചെവിയിൽ ഉരസിപ്പോയിരുന്നു. കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നായിരുന്നു പ്രതി ട്രംപിനെ ഉന്നമിട്ടിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പെട്ടതോടെ ഇയാള്‍ തോക്ക് ഉപേക്ഷിച്ച് ഓടിപ്പോകുകയിരുന്നു. പിന്നാലെ പിടികൂടുകയും ചെയ്തു.
അതേസമയം ട്രംപിനെ വധിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നാണ് റൂത്ത് പറയുന്നത്. ജയിലിൽ കഴിയുന്ന സമയത്ത് മാനസിക ചികിത്സയ്ക്ക് വിധേയനാകാൻ തയ്യാറാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. അഭിഭാഷകനെ ഒഴിവാക്കി സ്വന്തമായാണ് കേസ് വാദിച്ചത്.
Adjust Story Font
16
